തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് എൽഡിഎഫ്. വീര്യം കുറഞ്ഞ മദ്യനിർമാണത്തിന്റെ മറവിൽ സംസ്ഥാനത്ത് വൻ അഴിമതിയോട് കൂടി മദ്യമൊഴുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് കുറ്റപ്പെടുത്തിയപ്പോൾ, ധനമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് കേരളത്തിലെ ക്ഷേമപദ്ധതികളുടെ കഴുത്തുഞെരിക്കുന്നതും കോർപ്പറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ലഹരി കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് എം.ബി. രാജേഷ് ആരോപിച്ചു. മുൻ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ തദേശീയമായ പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനാണ് നയപരമായ തീരുമാനമെടുത്തത്. എന്നാൽ നിലവിലെ സർക്കാർ സ്പിരിറ്റിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമിച്ച് സംസ്ഥാനത്ത് വ്യാപകമായി മദ്യം ഒഴുക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പുറമെ, മദ്യത്തിനുണ്ടായിരുന്ന 250 ശതമാനം നികുതി 120 ശതമാനമായി വെട്ടിക്കുറച്ചതിന് പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


