മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി എന്‍.എച്ച്-85 ലെ നിലവിലുള്ള റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടത്തണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്കി.
നിലവില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ത്യയുടെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡിന്റെ അലൈന്മെന്റ്, നിലവില്‍ നാഷണല്‍ ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ദേവികുളം എന്നീ പ്രധാന കേന്ദ്രങ്ങളെ ഒഴിവാക്കിയാണ്. ഈ മേഖലയുടെ വികസനത്തിന് വിഘാതമാകുന്ന തരത്തിലേക്ക് പുതിയ റോഡ് വികസനം മാറരുതെന്ന് എംപി ആവശ്യപ്പെട്ടു.
പുതിയ ഗ്രീന്‍ ഫീല്‍ഡ് കോറിഡോറിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതേയുള്ളൂ. 30 വര്‍ഷത്തിലധികമായി കടാതി-കാരക്കുന്നം ബൈപാസ്, കോഴിപ്പിള്ളി- മാതിരപ്പിള്ളി ബൈപാസ് പദ്ധതികള്‍ തീരുമാനമാകാതെ കിടക്കുകയാണ്. 30 മീറ്റര്‍ വീതിയില്‍ 4 കി.മീ വീതം ദൂരത്തില്‍ 2 ബൈപ്പാസുകള്‍ക്ക് അലൈന്മെന്റ് തീര്‍ച്ചപ്പെടുത്തിയിട്ട് 3 പതിറ്റാണ്ടുകള്‍ കഴിഞ്ഞു. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എംപി പറഞ്ഞു.
നിര്‍ദ്ദിഷ്ട പദ്ധതികളുടെ ലാന്റ് അക്വസിഷന്‍ തുകയുടെ പകുതി സംസ്ഥാനം വഹിച്ചാല്‍ സ്റ്റാന്‍ഡ് എലോണ്‍ പദ്ധതിയായി ബൈപ്പാസുകള്‍ക്ക് അംഗീകാരം നല്‍കാമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് വ്യക്തത വരുത്തി കൊണ്ട് സംസ്ഥാനത്തിന് എന്‍.എച്ച്.എ.ഐ. കത്തു നല്‍കിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയേയും, പൊതുമരാമത്തു വകുപ്പ് മന്ത്രിയേയും, ധനകാര്യവകുപ്പ് മന്ത്രിയേയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പകുതി പണം വകയിരുത്തിയാല്‍ ബൈപ്പാസുകള്‍ യാഥാര്‍ത്ഥ്യമാകും. ഇക്കാര്യത്തില്‍ കക്ഷി ഭേദമന്യേ എല്ലാവരുടേയും സഹകരണം ലഭിക്കുന്നുണ്ട്. ആയതിനാല്‍ പുതിയ വികസന പദ്ധതികള്‍ ആരംഭിക്കുന്നതിന് മുമ്പ് എന്‍.എച്ച്-85 ല്‍ മറ്റക്കുഴി മുതല്‍ മൂന്നാര്‍ വരെ 24 മീറ്റര്‍ വീതിയില്‍ 4 വരി പാതയായി വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.പി. മന്ത്രിക്ക് കത്തു നല്‍കിയത്.