തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെയ്ത മഴയ്ക്ക് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പുതിയ അന്തരീക്ഷ വ്യതിയാനത്തോടെ കേരളത്തിൽ വീണ്ടും മഴ സജീവമാകുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
അതേസമയം,’കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) എന്നീ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചു വീശാൻ സാധ്യതയുണ്ട്.
കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയും ഉള്ള ഘട്ടത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാൽ അത് പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

