കേരള-തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചാവടിപ്പാറ പുതുപ്പതിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. അര്‍ധരാത്രി 12.30ഓടെയായിരുന്നു നാടിനെ നൊമ്പരപ്പെടുത്തിയ അപകടം സംഭവിച്ചത്. മംഗളൂരു ഭാഗത്തുനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന മംഗളൂരു-ചെന്നൈ എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്ന ആനകളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ പിടിയാനയും കുട്ടിയാനയും സംഭവസ്ഥലത്തുവെച്ചുതന്നെ ചരിഞ്ഞു.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ വനമേഖലയില്‍ 20 മിനിറ്റോളം നിര്‍ത്തിയിടേണ്ടി വന്നു. വിവരമറിഞ്ഞയുടന്‍ തന്നെ കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചരിഞ്ഞ ആനകളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

