കാക്കനാട്: റോഡുകളില്‍ പരിക്കേറ്റും വൈകല്യമുള്ളതുമായ നായ്ക്കളെ രക്ഷിച്ച് വിവിധ സന്നദ്ധ സംഘടനകളുടെ ഷെല്‍ട്ടറുകളില്‍ സംരക്ഷിക്കുന്ന ജില്ലാ പഞ്ചായത്ത് എസ്.പി.സി.എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി സൗജന്യ പോഷകാഹാര വിതരണം ആരംഭിച്ചു. ഭക്ഷണക്കുറവ് നേരിടുന്ന ഷെല്‍ട്ടറുകളിലെ മൃഗങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എസ്.പി.സി.എ ചെയര്‍മാനുമായ കെ.ജി. രാധാകൃഷ്ണന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിള്‍ മാഗി. പി.എസ്, ഫിനാന്‍സ് ഓഫീസര്‍ യു ഹനീഷ്, എസ്.പി.സി.എ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. സന്നദ്ധ സംഘടനകളുടെ സംരക്ഷണയില്‍ കഴിയുന്ന മൃഗങ്ങള്‍ക്കാണ് പോഷകാഹാരം നല്‍കുന്നത്.
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും രോഗബാധിതരായതുമായ തെരുവ് നായ്ക്കളെ കണ്ടെത്തി ചികിത്സയും പുനരധിവാസവും നല്‍കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് എസ്.പി.സി.എ പ്രവര്‍ത്തിക്കുന്നത്. വിവിധ സ്ഥലങ്ങളിലുള്ള ഷെല്‍ട്ടറുകളില്‍ നിലവില്‍ നൂറുകണക്കിന് മൃഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ ഷെല്‍ട്ടറുകളിലെ ഭക്ഷണ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനായാണ് പോഷകാഹാര വിതരണ പദ്ധതി നടപ്പാക്കുന്നത്.
സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ചെയര്മാന് പറഞ്ഞു. മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. ജില്ലയിലെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃകയാണ് ഈ പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന് അറിയിച്ചു.


