തിരുവനന്തപുരം: കേരളം സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമെന്ന സർക്കാരിന്റെ പ്രഖ്യാപനം പൊള്ള. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലെ കല്ലേലിമേട് ഗ്രാമത്തിലെ 160 കുടുംബങ്ങൾക്ക് ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. സമീപത്തെ ആദിവാസി ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാൻ ഗ്രാമത്തിലൂടെ തന്നെ ലൈനുകളും ഫോർപോൾ സ്ട്രക്ചറുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും തൊട്ടടുത്തുള്ള വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകാൻ കെഎസ്ഇബി തയാറായിട്ടില്ല.
തങ്ങൾക്ക് കൂടി വൈദ്യുതി നൽകുമെന്ന ഉറപ്പിന്മേലാണ് കെഎസ്ഇബിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയതെന്ന് പ്രദേശവാസികൾ പറയുന്നു. ലൈനുകൾ കടന്നുപോയിട്ടും തങ്ങളെ അധികൃതർ വഞ്ചിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
50 വർഷത്തിലധികമായി ഈ പ്രദേശത്ത് കുടിയേറി താമസം തുടങ്ങിയ കുടുംബങ്ങളാണ് ഇപ്പോഴും ഇരുട്ടിൽ കഴിയുന്നത്. അടുത്തുള്ള ഊരുകളായ വഞ്ചിപ്പാറ, തലവച്ചാറ എന്നീ ഊരുകളിൽ വൈദ്യുതി എത്തിച്ചപ്പോഴും കല്ലേലിമേട് നിവാസികളെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. 160ഓളം കുടുംബങ്ങളുടെ ദുരിതാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

