കൊച്ചി: പ്രണയബന്ധത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിച്ച മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ധന്യ വര്‍മക്ക് നൽകിയ അഭിമുഖത്തിലാണ് രണ്ട് ണ്ട് വർഷമായി താൻ ‘നർസിസിസ്റ്റിക് അബ്യൂസിന്’ ഇരയാവുകയായിരുന്നു എന്ന് അനുപമ വെളിപ്പെടുത്തിയത്. ആദ്യമായാണ് താരം ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്.
മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിന് പിന്നിൽ രണ്ട് വർഷത്തെ വിഷമതകളുണ്ടായിരുന്നു. ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഇന്ന് തനിക്ക് ഒരുപാട് സ്നേഹവും സഹാനുഭൂതിയും ലഭിച്ചേനെ എന്നും താരം കൂട്ടിച്ചേർത്തു. ഈ ബന്ധം തനിക്ക് ശരിയല്ലെന്ന് കുടുംബത്തിനും സുഹൃത്തുകൾക്കും സ്റ്റാഫിനും ബോധ്യപ്പെട്ടിരുന്നുവെന്നും തന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളും ഉൾവലിയലും അവർ ശ്രദ്ധിച്ചിരുന്നുവെന്നും അനുപമ വ്യക്തമാക്കി.
പ്രണയബന്ധങ്ങളിൽ ഉണ്ടാകുന്ന ‘നർസിസിസ്റ്റിക് അബ്യൂസ്’ വളരെ നിശ്ശബ്ദമായാണ് സംഭവിക്കുന്നതെന്നും അത് ഇരയാകുന്നയാൾ പെട്ടെന്ന് തിരിച്ചറിയണമെന്നില്ലെന്നും നടി വിശദമാക്കുന്നു. ഇത്തരം ആളുകൾ സ്വയം സ്നേഹിക്കുന്നവരാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ യഥാർത്ഥത്തിൽ അവർ സ്വയം വെറുക്കുന്നവരും കടുത്ത അപകർഷതാബോധമുള്ളവരുമാണെന്ന് അനുപമ പറഞ്ഞു.
സ്വന്തം മൂല്യം തിരിച്ചറിയാൻ കഴിയാത്ത ഇത്തരക്കാർക്ക് മറ്റൊരാളെ പൂർണമായി നിയന്ത്രിക്കാനാണ് താല്പര്യം. എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും അവർ ആഗ്രഹിച്ചുകൊണ്ടിരിക്കുമെന്നും പ്രണയബന്ധങ്ങളിൽ നിയന്ത്രണങ്ങൾ എങ്ങനെയാണ് പതുകെ കടന്നുവരുന്നതെന്ന് വിശദീകരിച്ചുകൊണ്ട് അനുപമ വ്യക്തമാക്കി.

