സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വന്‍തോതില്‍ ശക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും കര്‍ശന പരിശോധനകളും നിരീക്ഷണവും നടപ്പിലാക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ആരംഭിച്ച ഈ സുരക്ഷാ നടപടികള്‍ ഓഗസ്റ്റ് 20 വരെ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിനുള്ളിലും പരിസര പ്രദേശങ്ങളിലും 24 മണിക്കൂറും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷാ പരിശോധന, ബാഗേജ്, കാര്‍ഗോ ചരക്കുകള്‍ എന്നിവയുടെ കസ്റ്റംസ്-സെക്യൂരിറ്റി പരിശോധനകള്‍ എന്നിവ കൂടുതല്‍ തീവ്രമാക്കി. പതിവു പരിശോധനകള്‍ക്കു പുറമെ, വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുമ്പ് ലാഡര്‍ പോയിന്റില്‍ പ്രത്യേക സുരക്ഷാ പരിശോധന കൂടി നടപ്പിലാക്കും. സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്ക് (SLPC) എന്നറിയപ്പെടുന്ന ഈ അധിക പരിശോധന വഴി യാത്രക്കാരുടെ സുരക്ഷ പൂര്‍ണമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടാതെ വിമാനത്താവളത്തിലേക്കുള്ള പാതകളിലും പരിസരങ്ങളിലുമുള്ള വാഹന പരിശോധനയും പൊലീസ് കടുപ്പിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ ഓഗസ്റ്റ് 20 വരെ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം പൂര്‍ണമായി നിരോധിച്ചു. യാത്രക്കാരെ യാത്രയാക്കാനും സ്വീകരിക്കാനുമായി എത്തുന്ന ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ടെര്മിനലുകള്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. അധിക പരിശോധനകള്‍ കാരണം സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കും. അതിനാല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ നിശ്ചിത സമയത്തിനും വളരെ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

