ബെംഗളൂരു: രാമമൂര്‍ത്തി നഗറിലെ എന്‍ ആര് ഐ ലേഔട്ടിലുള്ള പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന മുന്നൂറോളം ഇലക്ട്രിക് സ്കൂട്ടറുകള് കത്തിനശിച്ചു. വിവിധ കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹന കമ്പനി.
ഫുഡ് ഡെലിവറി ജീവനക്കാര്‍ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ജോലി പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ യാര്‍ഡില്‍ തിരിച്ചെത്തിക്കുന്നതായിരുന്നു രീതി. അഞ്ഞൂറിലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് എന്‍ ആര് ഐ ലേഔട്ടിലെ ഈ യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇതിനുപുറമെ സര്‍വീസിനായി കൊണ്ടുവന്ന വാഹനങ്ങളും ഇവിടെ നിര്‍ത്തിയിട്ടിരുന്നു.
പതിവുപോലെ വൈകുന്നേരം ഏഴുമണിയോടെ യാര്‍ഡിന്റെ ഗേറ്റ് പൂട്ടി ജീവനക്കാര്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടരയോടെ യാര്‍ഡില്‍ തീ ആളിക്കത്തുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം തീ തൊട്ടടുത്തുള്ള മറ്റ് സ്കൂട്ടറുകളിലേക്കും വേഗത്തില്‍ പടരുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ നാല് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. യാര്‍ഡിലുണ്ടായിരുന്ന ഭൂരിഭാഗം വാഹനങ്ങളും പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ രാമമൂര്‍ത്തി നഗര്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

