മൂവാറ്റുപുഴ: നിര്‍ദ്ധനരായ വൃക്കരോഗികളുടെ ആശ്രയ കേന്ദ്രമായി മാറിയിരിക്കുകയാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍. ഇതുവരെ പൂര്‍ത്തിയാക്കിയത് 4743 ഡയാലിസിസ്.
വൃക്ക തകരാറിലായി തുടര്‍ചികിത്സയുടെ ചിലവ് താങ്ങാനാവാത്ത അശരണരായ രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഡയാലിസിസ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2019 ഓഗസ്റ്റ് 28ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഒരു മാസം ഇരുന്നൂറോളം ഡയാലിസിസുകളാണ് നടത്തുന്നത്.
ഒരു ഡോക്ടറും ഒരു നഴ്സും നാല് ഡയാലിസിസ് ടെക്നിഷ്യന്മാരും രണ്ട് ക്ലീനിങ് ജീവനക്കാരുമുള്‍പ്പെടെ എട്ട് പേരാണ് ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ആറ് ഡയാലിസിസ് മെഷിനുകളാണ് നിലവില്‍ ഇവിടെയുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒറ്റ ഷിഫ്റ്റിലായിരുന്നു ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം. വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം രണ്ട് ഷിഫ്റ്റാക്കി. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഒരു ഷിഫ്റ്റും, രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെ മറ്റൊരു ഷിഫ്റ്റും.
കാരുണ്യ, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് സൗജന്യമായാണ് ചികിത്സ നല്‍കുന്നത്. അല്ലാത്തവര്‍ക്ക് ഒരു തവണത്തേക്ക് 500 രൂപ മാത്രമാണ് ചിലവ് വരുന്നത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുമണി വരെ 9188127880 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.


