തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യുന്നവരാണെന്നും, സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ അവർ മുന്നോട്ടുവരണമെന്നും നടൻ നിവിൻ പോളി. അഴിമതിക്കെതിരെ യുവാക്കളെ അംബാസിഡർമാരാക്കുന്ന ‘പ്രൊജക്ട് സീറോ’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരം.
അഴിമതിരഹിതമായ ഒരു നാടാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കൈക്കൂലി നൽകുന്നത് മാത്രമല്ല അഴിമതി, അർഹതപ്പെട്ടവരുടെ അവസരങ്ങൾ കവരുന്നത്, കുറുക്കുവഴികളിലൂടെ മുന്നേറാൻ ശ്രമിക്കുന്നതെല്ലാം അഴിമതിയുടെ ഭാഗമാണ്. സത്യസന്ധമായി ജീവിച്ചിട്ട് കാര്യമില്ലെന്ന തെറ്റായ ധാരണ സമൂഹത്തിൽ നിന്ന് മാറണം. കള്ളത്തരം കാണിക്കാതിരിക്കാനും, ചോദ്യം ചെയ്യാനും കുട്ടികളെ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പഠിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നിയമത്തിലും ഗവൺമെന്റിലുമുള്ള വിശ്വാസത്തിലാണ് ഒരു സമൂഹം നിലനിൽക്കുന്നത്. അതിൽ അപകർഷത ഉണ്ടാകുമ്പോഴാണ് സമൂഹം തകരുന്നത്. പുതിയ തലമുറ തെളിവുകൾ ആവശ്യപ്പെടാനും അക്കൗണ്ടബിലിറ്റി ഉറപ്പാക്കാനും മടിക്കാത്തവരാണ്. സമൂഹത്തിലും സിനിമയിലും അഴിമതിരഹിത അന്തരീക്ഷം ഉണ്ടാകാൻ സർക്കാർ, പൊലീസ് സംവിധാനങ്ങളോട് ചേർന്ന് നിൽക്കാൻ എല്ലാവർക്കും സാധിക്കണമെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.


