കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഈ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്ട് എടുത്തിരിക്കുന്നത്.
അതേസമയം, മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കാന്‍ കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് രണ്ടര കോടി രൂപ. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ജെയിന് ഫ്ലാറ്റ് പൊളിക്കാനാണ്, 86 ലക്ഷം. നഷ്ടപരിഹാര കമ്മറ്റിയുടെ എല്ലാ ചെലവും ഫ്ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാനുള്ള ഉത്തരവും പുറത്തിറങ്ങിയിരുന്നു. ആകെ ചെലവ് 23,281,720 രൂപയാണ് എ.ഡി ഫൈസ് എന്‍ജിനിയറിംഗ് പൊളിക്കുന്ന ജെയിന് ഫ്ലാറ്റിനാണ് ഏറ്റവും കൂടുതല്‍ തുക ചെലവ് വരുന്നത് 86,76,720 രൂപ. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് പൊളിക്കാനാണു ഏറ്റവും കുറവ് തുക വരുന്നത്. 21,02,760 രൂപ.
ഹോളി ഫെയ്ത്തിന്റെ എച്ച് ടു ഒ ഫ്ലാറ്റ് പൊളിക്കാന്‍ 64,02,240 രൂപയാണ് ചെലവ്. ആല്‍ഫാ സെറിന്‍ ഫ്ലാറ്റിന്റെ ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കാന്‍ വിജയ് സ്റ്റീല്‍സ് ചോദിച്ചത് 61, 00,000 രൂപയാണ്. ഈ കണക്കുകള്‍ ഇന്ന് ചേരുന്ന നഗരസഭ കൗണ്‍സിലില്‍ സബ് കളക്ടര്‍ അവതരിപ്പിക്കും. നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു രൂപ പോലുമെടുക്കില്ല എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നത്. അതേസമയം ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷനായ നഷ്ടപരിഹാര സമിതിക്ക് സര്‍ക്കാര്‍ 14 അനുബന്ധ സ്റ്റാഫുകളെ സര്‍ക്കാര്‍ നിയമിച്ചു. കമ്മറ്റിയുടെ ചെലവ് പൂര്‍ണമായും ഫ്ലാറ്റ് നിര്‍മാതാക്കള്‍ വഹിക്കണം എന്ന് നിയമന ഉത്തരവില്‍ പറയുന്നു.


