ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഭക്തര്‍ക്കു ദര്‍ശനം നടത്താന്‍ അനുമതി നല്‍കും. ചിങ്ങം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ആണ് തിരുനട തുറക്കുക.
നടതുറപ്പിനു ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മഹാഗണപതിഹോമവും മറ്റ്പൂജകളും നടക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നതിനു ശേഷം മാത്രമെ അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറാനാകു. 17 മുതല്‍ 21 വരെയാണ് ശബരിമല, മാളികപ്പുറം ക്ഷേത്ര നടകള്‍ തുറന്നിരിക്കുക.
അയപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാം. നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്മാര്ക്ക് സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് വൈകിട്ട് വീണ്ടും നടതുറക്കും.


