ശബരിമല ദര്‍ശനത്തിന് വിഐപികള്‍ക്ക് ഹെലികോപ്റ്ററടക്കം വാഗ്ദാനം ചെയ്ത സംഭവത്തില്‍ സ്വകാര്യ കമ്പനിക്കെതിരെ ഹൈക്കോടതി. ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ രണ്ടു തരം തീര്‍ത്ഥാടകരെ സൃഷ്ടിക്കാനാകില്ല. അത് ശരിയായ രീതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
നിലയ്ക്കലില്‍ സജ്ജീകരിച്ച ഹെലിപ്പാട് താത്ക്കാലിക സംവിധാനമാണെന്നും കോടതി വ്യക്തമാക്കി. എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് (ഹെലി കേരള) എന്ന സ്വകാര്യ കമ്പനി നല്കിയ പരസ്യത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കോടതിയുടെ നിരീക്ഷണം.
ശബരിമലയിലെ സോപാനത്തിലെ ദര്‍ശനത്തിന് നിയന്ത്രണമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൊച്ചിയില്‍ നിന്നും നിലയ്ക്കലിലേക്ക് സര്‍വീസ് നടത്തുന്നുവെന്നായിരുന്നു കമ്പനി അവരുടെ വെബ്സൈറ്റില്‍ നല്കിയ പരസ്യം. നിലയ്ക്കലിലെത്തുന്ന ഭക്തരെ അവിടെ നിന്ന് സന്നിധാനത്തേക്ക് ഡോളിയില്‍ കൊണ്ടുപോകുമെന്നും ദര്‍ശനം കഴിഞ്ഞാല്‍ ഭക്തരെ തരിച്ച് കൊച്ചിയില്‍ എത്തിക്കുമെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
പരസ്യത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടറില്‍ നിന്നും ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടി. കമ്പനിയുടെ വെബ്സൈറ്റിലുളള പരസ്യം നീക്കം ചെയ്യാനും കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും കമ്പനിയോട് ഹൈകോടതി നിര്‍ദേശിച്ചു.


