അമ്പലപ്പുഴ: നാലംഗ സംഘം വീട് ആക്രമിച്ച് ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ വീട്ടിലുള്ളവരെ മര്‍ദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ എസ്.എം.സി കോളനിയില്‍ പ്രണവിയയില്‍ വിമുക്ത ഭടന് രാധാകൃഷ്ണന് (65), ഭാര്യ റിട്ട. ഹെഡ് നഴ്സ് പ്രീതകുമാരി (56) മകള്‍ പ്രീനുരാജ് (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെ ഇന്നോവയിലെത്തിയ സംഘം രാധാകൃഷ്ണന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു.
തുടര്‍ന്ന് ബഹളം കേട്ട് പുറത്തിറങ്ങിയ രാധാകൃഷ്ണനെ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇത് കേട്ട് വീടിന് പുറത്തെത്തിയ ഭാര്യയും മകളും ബഹളം വച്ച് കൊണ്ട് രാധാകൃഷ്ണന് അടുത്തേക്ക് ഓടിയെത്തി. ഈ സമയം സംഘം രാധാകൃഷ്ണന്റെ ഭാര്യയെയും ഗര്‍ഭിണിയായ മകളെയും മര്‍ദ്ദിച്ചു എന്നാണ് പരാതി.
ബഹളം കേട്ട് നാട്ടുകാര്‍ ഓടി കൂടിയപ്പോഴേക്കും സംഘം വാഹനത്തില്‍ കടന്ന് കളഞ്ഞു. നാട്ടുകാരാണ് പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്കാന് പോയ പ്രീനുരാജിന്റെ സുഹൃത്ത് സഞ്ചരിച്ച കാറിന് നേരെയും ആക്രമണമുണ്ടായി. അക്രമത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ രാധാകൃഷ്ണന്റെ മകന് പ്രണവ് രാജിന് ആലപ്പുഴയില്‍ വെച്ച് മര്‍ദനമേറ്റിരുന്നു. സുഹൃത്തിനോടൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ പിന്നാലെ വന്ന കാര്‍ ഇരുവരും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും കാറിനെ പിന്തുടര്ന്ന് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. പ്രണവ് രാജും കാര്‍ ഓടിച്ചിരുന്ന ആളുമായി ഇതേ തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും പ്രണവ് രാജിന് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
പരിക്കേറ്റ പ്രണവ് രാജിനെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വീടിന് നേരെ അക്രമം ഉണ്ടായത്. പരാതിയില്‍ നാല് പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. കാറിന് നേരെയുണ്ടായ അക്രമത്തില്‍ അമ്പലപ്പുഴ പൊലീസിലും പരാതി നല്കി.


