കഴക്കൂട്ടം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം കൊണ്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. സ്വന്തം ഓഫീസ് സ്വര്‍ണ്ണകടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ല. അറബികടല്‍ വില്ക്കാന് കഴിയുമെന്ന് വരെ തെളിയിച്ച് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് പിണറായി വിജയനെന്നും വി. മുരളീധരന് വിമര്‍ശിച്ചു. കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. മുരളീധരന്.
എന്ത് ചോദിച്ചാലും കേന്ദ്ര ഏജന്‍സികള്‍ വിരട്ടേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിരളാന്‍ ഉള്ള കാര്യങ്ങള്‍ ചെയ്തതിനാലാണ് മുഖ്യമന്ത്രിക്ക് ഭയം ഉണ്ടാകുന്നതെന്നും വി. മുരളീധരന് പറഞ്ഞു. ശബരിമല സംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇടതു മുന്നണി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മന്ത്രി ചോദിച്ചു.
ഇക്കാര്യത്തില്‍ സീതാറാം യച്ചൂരിയുടെ നിലപാട് തള്ളിപറയാന്‍ കടകംപള്ളി തയ്യാറുണ്ടോ എന്ന് കഴക്കൂട്ടത്തെ ജനങ്ങളോട് പറയണം. കടകം പള്ളിയുടെ കള്ളക്കണ്ണീര് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് പറ്റും. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന സംഘടനയായ എന്‍.എസ്.എസിനെ തെറിപറഞ്ഞ് നിശബ്ദരാക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ ആ വെള്ളം വാങ്ങി വെച്ചാല്‍ മതി. കേന്ദ്രം നല്കിയ ഭക്ഷ്യകിറ്റുകള്‍ സ്വന്തം പേരിലാക്കി നല്കുന്ന അല്പ്പന്മാരാണ് കേരളം ഭരിക്കുന്ന ഇടത് മുന്നണിയെന്നും മുരളീധരന് വിമര്‍ശിച്ചു.

587791 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൊവിഡ് കാലത്തിന് കേരളത്തിന് കേന്ദ്രം അനുവദിച്ചു. 27956 മെട്രിക് ടണ്‍ പയറുവര്‍ഗ്ഗങ്ങളും കടലയും കേരളത്തിന് അനുവദിച്ചു. കണക്കുകള്‍ തെറ്റാണോ എന്ന് തെളിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മത്സരിക്കുന്നത് എന്‍.ഡി.എ ആണ്. മറ്റുള്ള മുന്നണികളുടേത് സൗഹൃദ മത്സരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
പിണറായി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരെ ദുര്‍ബല എതിര് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക വഴി ഡീല്‍ നടന്നത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. പിണറായിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക ലക്ഷ്യം വെക്കാതെ ബി.ജെ.പിയെ ലക്ഷ്യം വെക്കുന്നത് കഴക്കൂട്ടമടക്കം പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വിജയം ഉറപ്പായതുകൊണ്ടാണെന്നും വി. മുരളീധരന് കൂട്ടി ചേര്‍ത്തു.


