മൂവാറ്റുപുഴ: നഗരസഭയിലെ ഭരണ സ്തംഭനത്തിന് കാരണം ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ ധാർഷ്ട്യവും ഏകാധിപത്യവുമാണെന്ന് സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആരോപിച്ചു. ചെയർപേഴ്സന്റെ താല്പര്യത്തിന് വഴങ്ങി നിയമവിരുദ്ധമായി പ്രവർത്തിക്കാത്തതിനാണ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നതെന്ന് ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു പറഞ്ഞു. ഇതിനായി കൗൺസിലിൽ പ്രമേയം കൊണ്ടുവന്ന് പ്രതിപക്ഷത്തിന് ചർച്ച നടത്താൻ അവസരം നൽകാതെ യുഡിഎഫ് പാസാക്കി.
പിൻവാതിൽ നിയമനത്തിന് തടയിട്ടതാണ് പ്രകോപനം
ചെയർപേഴ്സന്റെ പേഴ്സണൽ അസിസ്റ്റന്റിനെയും ഡ്രൈവറെയും നിയമിക്കാൻ സർക്കാർ ഉത്തരവ് പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ പാടുള്ളൂ എന്ന് സെക്രട്ടറി കുറിപ്പ് എഴുതിയതാണ് ചെയർപേഴ്സന്റെ എതിർപ്പിന് പ്രധാന കാരണം. ഇതോടെ പിൻവാതിൽ നിയമനം നടക്കാതെ പോയി. നഗരസഭ ലൈബ്രറിയിലെ ജീവനക്കാരുടെ ഒഴിവ് സെക്രട്ടറി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു. പിഎസ്സി വഴി മറ്റൊരു നഗരസഭയിൽ ജോലി ചെയ്തിരുന്നയാൾക്ക് വകുപ്പ് നിയമനം നൽകിയതോടെ ഇവിടെയും പിൻവാതിൽ നിയമന ശ്രമം പൊളിഞ്ഞുവെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.
ജീവനക്കാർ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചു
സെക്രട്ടറിയേയും ഉദ്യോഗസ്ഥരേയും അനീതിക്ക് കൂട്ടുനിൽക്കാൻ യുഡിഎഫ് ഭരണസമിതി നിർബന്ധിക്കുന്നുവെന്നും ആരോപണമുണ്ട്. കൂട്ടുനിൽക്കാത്തതിനാൽ ചെയർപേഴ്സണും ചില സ്ഥിരം സമിതി അധ്യക്ഷന്മാരും ചേർന്ന് സെക്രട്ടറിയെ മാറ്റാൻ പ്രമേയം പാസാക്കി. ഭീഷണിയെ തുടർന്ന് കോൺഗ്രസ് അനുകൂല സംഘടനയിലെ ജീവനക്കാരും സ്ഥലംമാറ്റത്തിന് അപേക്ഷ നൽകി. ചിലർ ദീർഘകാല അവധിയിലാണ്. ഇതോടെ നഗരസഭ ഭരണം പൂർണമായും സ്തംഭിച്ചു.
വികസനം മുടങ്ങി, നഗരം ഇരുട്ടിൽ
ഭരണ സ്തംഭനം മൂലം മഴക്കാല പൂർവ്വ ശുചീകരണം നിലച്ചു. വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഇല്ല. വഴിവിളക്കുകൾ കത്തുന്നില്ല. തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ചെയർപേഴ്സൺ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു അറിയിച്ചു.


