കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്നും മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ലന്നും കെ മുരളീധരന്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലും സജീവമായി പ്രവര്‍ത്തിക്കുമെന്നും കെ മുരളീധരന് വ്യക്തമാക്കി. വയനാട് കെപിപിസിസി എക്സിക്യൂട്ടിവില്‍ തൃശൂര്‍ പരാജയം ചര്ച്ചയായിട്ടില്ലന്നും അദ്ധേഹം പറഞ്ഞു.
ഇരുട്ടത്ത് ഇരുന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പാലോട് രവിക്ക് എതിരെയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതില്‍ അദ്ദേഹം പ്രതികരിച്ചു. ടി എന്‍ പ്രതാപനും ഷാനി മോള് ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും മുരളീധരന് വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയായതുകൊണ്ടാണ് ഇന്ന് കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. ഓടി നടന്ന് പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ല. കെ സുധാകരന് കണ്ണൂരും രമേശിന് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനമാണ്, ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുരളീധരന് പറഞ്ഞു.