കൊച്ചി: സ്കൂട്ടറില്‍ വച്ചിരുന്ന മാലിന്യപായ്ക്കറ്റ് റോഡരികില്‍ ഉപേക്ഷിച്ച മൂവാറ്റുപുഴ,മഞ്ഞള്ളൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗവും സിപിഎം നേതാവുമായ പി.എസ്.സുധാകരനെതിരെ ഹൈക്കോടതി. മാലിന്യം റോഡരുകില്‍ തട്ടിയ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. പി.എസ്.സുധാകരന് ഇയാള്‍ വഴിയരികിലേക്കു മാലിന്യം തട്ടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രഹ്മപുരം മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ ബെച്ചു കുര്യന് തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് സുധാകരന്റെ വിഷയവും പരാമര്‍ശിച്ചത്.
മാലിന്യം തട്ടുന്ന ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതാണു സുധാകരനു വിനയായത്. ഈ സംഭവത്തിനുശേഷം അറവുമാലിന്യങ്ങള്‍ പഞ്ചായത്തില്‍ തള്ളിയവര്‍ക്കെതിരെ സുധാകരന് പ്രതികരിച്ചതോടെ ഏതോ വിരുതന് ഇത് ‘ഫുട്ബോള്‍’ വിഡിയോ കമന്ററി രൂപത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ, വണ്ടി ഓടിച്ച് സ്പീഡില്‍ പോകുമ്പോള്‍ താഴെപ്പോകാന്‍ ശ്രമിച്ച പായ്ക്കറ്റ് കാലുകൊണ്ടു പൊക്കി നേരെ വയ്ക്കാന്‍ ശ്രമിക്കുന്ന രംഗമാണു തൊഴിച്ചു കളയുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നത് എന്ന് സുധാകരന് വിശദീകരിച്ചിരുന്നു. എന്നാല്‍ പ്രശ്നം അവിടം കൊണ്ട് അവസാനിച്ചില്ല.
സ്കൂട്ടറിലെത്തിയ സുധാകരന് ആവോലി പഞ്ചായത്ത് പരിധിയില്‍ ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മാലിന്യം കാലു കൊണ്ടു തട്ടി റോഡരികില്‍ നിക്ഷേപിക്കുകയായിരുന്നു. ഈ രംഗങ്ങള്‍ സഹിതം പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്കി. പ്രതിഷേധം ശക്തമായതോടെ 1,000 രൂപ പിഴയടച്ചു തലയൂരി. പഞ്ചായത്തില്‍ മാലിന്യം തള്ളുന്നതിനു 10,000 രൂപയാണു പിഴയെങ്കിലും ചെറിയ തുക പിഴയടപ്പിച്ച വിഷയത്തിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. പഞ്ചായത്ത് അംഗം എന്ന നിലയില്‍ സമൂഹത്തിനു മാതൃകയാകേണ്ട ആള് തന്നെയാണു സാമൂഹികവിരുദ്ധരെ പോലെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയത് എന്ന് ആക്ഷേപം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സുധാകരനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് യൂത്ത് കോണ്‍ഗ്രസ് പരാതിയും നല്‍കിയിരുന്നു.


