മൂവാറ്റുപുഴ: മതസൗഹാര്‍ദ്ദത്തിന്റെയും മാനവ ഐക്യത്തിന്റെയും സന്ദേശം ഉയര്‍ത്തി സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള മുളവൂര്‍ സെന്‍ട്രല്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചന്ദനക്കുടം മഹാമഹം (ഉറൂസ് മുബാറക്ക്) കൊടിയേറി. വ്യാഴാഴ്ച രാവിലെ വാരിക്കാട്ട് കവല മസ്ജിദുല്‍ ഹുദാ പരിസരത്ത് നിന്നും ചന്ദനക്കുട ഘോഷയാത്ര ആരംഭിച്ചു. തുടര്‍ന്ന് മുളവൂര്‍ വലിയുള്ളാഹി മഖാമില്‍ ഇന്ററിം മുതവല്ലി കെ.കെ.യൂനുസ് കൊടി ഉയര്‍ത്തി. മീരാന്‍ മൗലവി തേക്കുംകരോട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. പ്രോഗ്രാം കോ-ഓഡിനേറ്റര്‍മാരായ വി.എ.ഷാജഹാന്, ഇബ്രാഹിം വാരിക്കാട്ട് എന്നിവര്‍ സമ്പന്ധിച്ചു. മജ്ലിസുന്നൂര് ജില്ലാ അമീര്‍ സയ്യിദ് സൈഫുദ്ദീന് തങ്ങള്‍ ഫൈസി അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന മുളവൂര്‍ വലിയുള്ളാഹി മഖാം സിയാറത്തോടെ ചന്ദനക്കുട മഹാമഹത്തിന് തുടക്കമായത്..
തുടര്‍ന്ന് അള്ളാഹുവിന്റെ ഔലിയാക്കള്‍ എന്ന വിഷയത്തില്‍ ഉസ്താദ് സുഫിയാന് ബാഖവി ചിറയന്‍കീഴിന്റെ പ്രഭാഷണവും ബുര്‍ദ്ദ മജ്ലിസ് നടന്നു. വൈകിട്ട് ചന്ദനക്കുട ഘോഷയാത്രയും നടന്നു. രാത്രി സലീം കൊടത്തുര് അവതരിപ്പിക്കുന്ന മാപ്പിള ഗാനവിരുന്നും നടന്നു. ഇന്ന് രാത്രി 8.30ന് കേരള ഫോക് ലോര്‍ അക്കാദമി വൈസ്ചെയര്‍മാന്‍ ഡോ.കോയ കാപ്പാട് നയിക്കുന്ന ദഫ്, അറവന, ഖവ്വാലി, സൂഫിയാനാ കലാം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം എന്നിവ നടക്കും. നാളെ വൈകിട്ട് 8.30ന് മൈഡിയര്‍ മീഡിയ ടീം അവതരിപ്പിക്കുന്ന മാപ്പിള കലാവിരുന്നോടെ ചന്ദനക്കുട ആഘോഷങ്ങള്‍ സമാപിക്കും.


