കൊച്ചിയില്‍ എ.എസ്.ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. എ.എസ്.ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു. പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന് എത്തിച്ചു നല്‍കിയത് വിഷ്ണുവായിരുന്നു.
പള്‍സര്‍ സുനിക്ക് ദിലീപിനെ വിളിക്കാന്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ചു നല്കിയതും വിഷ്ണുവാണ്. പിന്നീട് ദിലീപിന് പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ക്ക് കൈമാറിയതും വിഷ്ണു അരവിന്ദ് ആയിരുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയാണ് വിഷ്ണു അരവിന്ദ്.
ലുലു മാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ പൊലീസ് തടഞ്ഞു നിര്‍ത്തിയപ്പോള്‍ വിഷ്ണു എ.എസ്.ഐയെ കത്തി കൊണ്ടു കുത്തുകയായിരുന്നു. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമാണ് എഎസ്ഐ ഗിരീഷ് കുമാറിനെ വിഷ്ണു കുത്തിപ്പരിക്കേല്പിച്ചത്. പൊലീസ് ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യം പുറത്തു വന്നു.
പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യം വൈറ്റിലയിലേക്കുള്ള റോഡില്‍ വച്ച് വിഷ്ണുവിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇടപ്പള്ളി ജങ്ഷനിലേക്കു വന്ന വിഷ്ണുവിനെ അവിടെ വച്ചു പൊലീസ് വളഞ്ഞിട്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഓടിയ എ.എസ്.ഐ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വിഷ്ണു എഎസ്ഐയുടെ കയ്യില്‍ കുത്തി.
ഇതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി കീഴടക്കുകയായിരുന്നു. വധശ്രമത്തിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. നിലവില്‍ വിഷ്ണു റിമാന്‍ഡിലാണ്. കാക്കനാട് ജയിലിലാണ് ഇപ്പോഴുള്ളത്.


