സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ തലവേദനയായി ഡിലിറ്റ് വിവാദത്തിലെ വി.ഡി. സതീശന് – രമേശ് ചെന്നിത്തല പോര്. ഡിലിറ്റ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ചെന്നിത്തല ആഞ്ഞടിക്കുമ്പോള്‍ ഗവര്‍ണറെ തന്നെ ഉന്നം വയ്ക്കുകയാണ് സതീശന്.
സൂപ്പര്‍ പ്രതിപക്ഷ നേതാവ് കളിക്കുന്നു എന്ന വിമര്‍ശനത്തിനിടെ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തി. മുതിര്‍ന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാല്‍ താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് സതീശന് പ്രതികരിച്ചു.
‘രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് താന്‍ പറയില്ല. ഏകീകൃതമായ അഭിപ്രായം താന്‍ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം’ -സതീശന് പറഞ്ഞു.
വിഷയം നാളെ ചേരുന്ന നിര്‍ണായക രാഷ്ട്രീയകാര്യസമിതിയെ ചൂടുപിടിപ്പിക്കും. ഇരു നേതാക്കളെയും അനുകൂലിക്കുന്നവര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം എത്തിക്കാനുള്ള തയാറെടുപ്പിലാണ്.
രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ഡിലിറ്റ് നല്‍കാനുള്ള ശുപാര്‍ശ തള്ളിയതാണ് ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന്റെ അടിസ്ഥാനമെന്ന ഏറെ രാഷ്ട്രീയ മാനങ്ങളുള്ള വെളിപ്പെടുത്തല്‍ തൊടുത്തുവിട്ടത് രമേശ് ചെന്നിത്തലയാണ്. സംസ്ഥാന സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ചെന്നിത്തലയുടെ ആക്രമണം. എന്നാല്‍, വി.ഡി.സതീശന് വിഷയം ഏറ്റെടുത്തപ്പോള്‍ ഗവര്‍ണറെ പ്രതിക്കുട്ടിലാക്കി.
വിഷയത്തില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പം പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കെ ചെന്നിത്തല പറയുന്നത് പാര്‍ട്ടി അഭിപ്രായമല്ലെന്ന് സതീശന്റെ പ്രസ്താവന ഗ്രൂപ്പുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. സതീശന് പറഞ്ഞത് സംഘടനാപരമായി ശരിയാണെങ്കിലും രാഷ്ട്രീയമായി ശരിയല്ലെന്ന നിലപാടാണ് ഗ്രൂപ്പുകള്‍ക്ക്.
ബിജെപി മുഖ്യശത്രുവാണെങ്കിലും സംസ്ഥാനത്ത് മുഖ്യ എതിരാളി സിപിഎം ആണെന്ന് ഓര്‍മപ്പെടുത്തിയാണ് ചെന്നിത്തല അനുകൂലികളുടെ ചെറുത്തുനില്‍പ്പ്. ഗവര്‍ണര്‍ വിഷയത്തിലെ ഭിന്നത പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കാതിരിക്കാനുള്ള ശ്രദ്ധയിലാണ് നേതൃത്വം.


