കേരള സിവില്‍ ഡിഫന്‍സ് രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പൂര്‍ത്തിയായപ്പോള്‍ മുവാറ്റുപുഴക്ക് ഇത് അഭിമാന നിമിഷം. മുവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ 9 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി. സേനയുടെ ഭാഗമായപ്പോള്‍ ആരോന്‍ കൃഷ്ണ ഇനി അറിയപ്പെടുന്നത് കേരളത്തിലെ സിവില്‍ ഡിഫന്‍സ് സേനാംഗമായ ആദ്യട്രാന്സ്ജന്ഡര് വോളന്റിയര്‍ ആയിട്ടാണ്. മുവാറ്റുപുഴ താലൂക്കില്‍ വാളക്കം ഗ്രാമപഞ്ചായത്ത്സ്വദേശിയായ ആരോന്‍ കൃഷ്ണ ഒരു വര്‍ഷം മുന്‍പാണ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
മാര്‍ച്ച് മാസത്തോടെ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും കോവിഡ് മൂലം പാസിംഗ് ഔട്ട് പരേഡ് വൈകുകയായിരുന്നു. അതിനടയില്‍ മുവാറ്റുപുഴയില്‍ ഉണ്ടായ അഗ്നിബാധ, അപകട രക്ഷാ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെ ഭവനങ്ങളില്‍ മരുന്നും ഭക്ഷണവും ക്രത്യതയോടെ എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലും ആരോന്‍ പങ്കാളിയായി.
താന്‍ ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ആണെങ്കിലും ട്രാന്സ്ജന്ഡര് ആയതിന്റെ പേരില്‍ ഒരുപാട് അവഗണനകളും എതിര്‍പ്പുകളും നേരിടേണ്ടി വന്നു. എനിക്ക് ധൈര്യമായി നില്ക്കുവാന് എന്തുകൊണ്ടും പ്രേചോദനം നല്‍കിയത് സിവില്‍ ഡെഫന്സാണ്. ഈ സമൂഹത്തിനു വേണ്ടി പലതും എനിക്ക് ചെയ്യുവാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ ബോധ്യമായി. ആ തിരിച്ചറിവ് ഇനിയും എന്നെ മുന്നോട്ട് നയിക്കുമെന്ന് ആരോന്‍ പറഞ്ഞു.
സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ എല്ലാവരേപ്പോലെ എന്നെ ചേര്‍ത്ത് നിര്‍ത്തിയ മുവാറ്റുപുഴ അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ ടികെ സുരേഷ്, സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍ സിഎ നിഷാദ് മറ്റ് ഓഫീസര്‍മാര്‍ക്കും, ഏതൊരു അവസരത്തിലും മര്‍ഗ നിര്ദേശിയായി ധൈര്യം പകരുന്ന സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്ഡന് രഞ്ജിത് പിആര്‍, ഡപ്യൂട്ടി പോസ്റ്റ് വാര്ഡന് നിതിന്‍ എസ് നായര്‍, മറ്റ് സഹപ്രവര്‍ത്തകരോടുള്ള നന്ദിയും ആരോന്‍ കൃഷ്ണ അറിയിച്ചു.
പാസിംഗ് ഔട്ട് പൂര്‍ത്തിയാക്കിയതോട് കൂടി ചാര്ളിഗ്രൂപ്പ് ക്യാപ്റ്റന്‍ ആയിട്ടാണ് ആരോന്‍ കൃഷ്ണ ചുമതല ഏല്‍ക്കുന്നത്.


