മുവാറ്റുപുഴ: മീരാസ് ഡിജിറ്റല്‍ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഐഎഎസ് സഹോദരന്മാരായ ഡോക്ടര്‍ പി ബി സലീം ഐഎഎസ് പി ബി നൂഹ് ഐ എ എസ് തങ്ങളുടെ പിതാവായ പി.കെ. ബാവയുടെ ഓര്‍മ്മയ്ക്കായി സ്വന്തം ഭൂമിയില്‍ നിര്‍മ്മിച്ച സെവന്‍സ് ഫുട്ബോള്‍ ഗ്രൗണ്ട് നാടിന് സമര്‍പ്പിച്ചു. ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.
മോഹന്‍ ബഗാന് ക്യാപ്റ്റനും ലോകപ്രശസ്ത ഇന്ത്യന്‍ ഗോളിയുമായ സുഭാഷിഷ് റോയ് ചൗധരി ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി. ഹൈദരാബാദ് എഫ് സി കളിക്കാരന് മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി താരം സലിം കുട്ടി തുടങ്ങിയ പ്രമുഖ കായിക താരങ്ങളും നാട്ടിലെ ആദ്യകാല ഫുട്ബോള്‍ താരങ്ങളും ചടങ്ങില്‍ ആദരിക്കപ്പെട്ടു.
സമാപന സമ്മേളനത്തില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം അധ്യക്ഷനായി. അസീസ് കുന്നപ്പിള്ളി സ്വാഗതം പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ഉണ്ണികൃഷ്ണന്, സജിത ടീച്ചര്‍, കെ പി രാമചന്ദ്രന്, പി എ ബഷീര്‍, കെ ഇ ഷാജി, സുബൈര്‍ കുരുട്ട്കാവില്, പി ജി ബിജു അബ്ദുല്‍ സമദ്, പി. ബി. അസീസ് എന്നിവര്‍ സംസാരിച്ചു.
ഗ്രാമീണ മേഖലയില്‍ കായിക വികസനത്തിന് വഴിതെളിക്കുന്ന ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്പോര്‍ട്സ് അക്കാദമിയും പരിശീലനവും സ്ഥിരം മത്സരവേദിയും ലഭ്യമാക്കും. ഇതിനായി 50 കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നു. കായിക പരിശീലനത്തോടൊപ്പം സാമൂഹ്യ വളര്‍ച്ചയും ആരോഗ്യ ശീലങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മീരാസ് ഡിജിറ്റല്‍ പബ്ലിക് ലൈബ്രറിയുടെ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്കി. ഷാജി ഫ്ലോട്ടില, സഹീര്‍ മേനാമറ്റം, സിജു വളവില്‍ എന്നിവര്‍ ഫുട്ബോള്‍ അക്കാദമി നിയന്ത്രിക്കും.