മൂവാറ്റുപുഴ: കനത്ത മഴ പെയ്തിറങ്ങി അന്തരീക്ഷം പ്രതികൂലമായിരുന്നിട്ടും, ആവേശത്തിന് ഒട്ടും കുറവില്ലാതെ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയതോടെ ത്രിവേണിയോണം മൂവാറ്റുപുഴയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആഘോഷമായി മാറി. പങ്കെടുത്ത ജനങ്ങളുടെ വന്‍ പങ്കാളിത്തം കൊണ്ടും സംഘാടനത്തിന്റെ കുറ്റമറ്റ ഏകോപനം കൊണ്ടും, മൂവാറ്റുപുഴ നഗരത്തിന്റെ ഔദ്യോഗിക ഓണാഘോഷമെന്ന പദവി ത്രിവേണിയോണം സ്വന്തമാക്കിയിരിക്കുകയാണ്.
അഞ്ച് ദിവസം നീണ്ടുനിന്ന ആഘോഷങ്ങളുടെ അവസാന ദിനത്തില്‍ ത്രിവേണി സംഗമഭൂമിയെയും ഇരുകരകളെയും അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലാക്കി മാറ്റിയാണ് വള്ളംകളി അരങ്ങേറിയത്. 1981-ന് ശേഷം, അതായത് നീണ്ട 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂവാറ്റുപുഴയാറ്റില്‍ ചുണ്ടന് വള്ളങ്ങള്‍ വീണ്ടും തുഴയെറിയാന്‍ എത്തിയത്. ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് പുഴയോരത്തേക്ക് ഒഴുകിയെത്തിയത്.
ഉച്ചയോടെ തന്നെ ലതാ പാലത്തിന് സമീപമുള്ള പുഴയോര നടപ്പാതകള്‍ പൂര്‍ണ്ണമായും ജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. സ്ഥലം തികയാതെ വന്നതോടെ സമീപത്തെ കെട്ടിടങ്ങളുടെ ടെറസുകളും മരക്കൊമ്പുകളും പറമ്പുകളും വരെ കാണികള്‍ ഗാലറിയാക്കി മാറ്റി. പുതുതലമുറയ്ക്ക് ആദ്യത്തെ വള്ളംകളി അനുഭവമായി മാറിയ മത്സരത്തില്‍ ആറ് റൗണ്ടുകളിലായി വാശിയേറിയ പോരാട്ടമാണ് ടീമുകള്‍ കാഴ്ചവെച്ചത്. കനത്ത മഴ തുടര്‍ന്നപ്പോഴും കാണികളുടെയും തുഴച്ചില്‍ക്കാരുടെയും ആവേശം ഒട്ടും ചോര്‍ന്നില്ല.
ഹെലികോപ്റ്റര്‍ ടൂറിസം, വള്ളംകളി, വന്‍ സംഗീതനിശ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് മൂവാറ്റുപുഴ നഗരസഭ ഇത്തവണ ഒരുക്കിയത്. നഗരത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയതോടെ കടകമ്പോളങ്ങള്‍ സജീവമാവുകയും പ്രാദേശിക വ്യാപാര മേഖലയ്ക്ക് വലിയ സാമ്പത്തിക ഉണര്‍വ് ലഭിക്കുകയും ചെയ്തു.
വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എം.എല്‍.എ, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി. എം. അബ്ദുല്‍ സലാം, മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, വൈസ് ചെയര്മാന് പി.എം. അബ്ദുല്‍ സലാം, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്മാന്മാരായ ജിനു മടേയ്ക്കല്‍, സി.എം.ഷുക്കൂര്‍, അസം ബീഗം, പി.രജിത,ഷഹന മാഹിന്‍, പ്രതിപക്ഷ നേതാവ് മജീദ് മങ്ങാട്ട്, ആര്.ഡി.ഒ അബ്ബാസ് എ., നഗരസഭാ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജനങ്ങളുടെ അപാരമായ പങ്കാളിത്തവും മൂവാറ്റുപുഴക്കാരുടെ കൂട്ടായ്മയും സ്നേഹവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു. ത്രിവേണിയോണം വന്‍ വിജയമാക്കിയ നഗരസഭ ചെയര്‍പേഴ്സണും സംഘാടക സമിതിക്കും അഭിനന്ദന പ്രവാഹമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉയരുന്നത്.

