അധ്യാപകരാണ് യഥാര്‍ത്ഥ തൂഫാന് വാരിയേഴ്സ്
കോട്ടയം: മാറിയ കാലത്ത് വിദ്യാര്‍ത്ഥികളെ നന്മയുള്ളവരാക്കി സമൂഹത്തിന് സമര്‍പ്പിക്കുന്ന അധ്യാപകര്‍ കൂടുതല്‍ ആദരിക്കപ്പെടേണ്ടവരാണെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപക ദിനാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപനം പിടിച്ചുനിര്‍ത്താന്‍ അധ്യാപകര്‍ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ പോരാട്ടത്തില്‍ അധ്യാപകരാണ് യഥാര്‍ത്ഥ തൂഫാന് വാരിയേഴ്സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളിക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മന്‍ എം.എല്‍.എയും ചേര്‍ന്ന് മികച്ച അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കുമുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ വിതരണം ചെയ്തു. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കോട്ടയം നഗരസഭ ചെയര്മാന് എം.പി സന്തോഷ് കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ പുന്നന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ യൂസഫ് അന്‍സാരി, ദാരവാഹികളായ ദുന്നൂസ് പേഴുമുട്ട്, സയ്യിദ് സബര്‍മതി, സുബൈര്‍ അരിക്കുറ്റി, കലേഷ് എം. പയ്യന്കോട്, ഷാജഹാന്, ഷമീമ, ശ്രവ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

