ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ L367-ന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷന് ഗംഗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലന്, വി. സി. പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. മെഗാ ബജറ്റില്‍ വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്.
ഉക്രൈന്-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന് ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോര്‍ജിയയില്‍ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഉടന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. പോളണ്ട്, ജോര്‍ജിയ, കസാക്കിസ്ഥാന്‍, ഡല്‍ഹി, ഡെറാഡൂണ്‍, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്ജുന് റാംപാല്‍, ആദില്‍ ഹുസൈന്, ഭാഗ്യശ്രീ ബോഴ്സെ, പാര്ത്ഥിപന് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ഒരുക്കുന്നത്.
പാന്‍-ഇന്ത്യന്‍ ചിത്രം ‘ധുരന്തര്‍’-ന്റെ വന്‍ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകന് ശാശ്വത് സച്ച്ദേവ് ‘ഓപ്പറേഷന് ഗംഗ’യുടെ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തര്‍’, ‘കില്‍’ എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.

