കേരളമൊട്ടാകെ തരംഗമായി മാറിയ ത്രിവേണിയോണം ആഘോഷങ്ങളുടെ സമാപന ദിനമായ ഓഗസ്റ്റ് 27-ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ മൂവാറ്റുപുഴയില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ആകാശക്കാഴ്ചയൊരുക്കുന്ന ഹെലികോപ്റ്റര്‍ ടൂറിസം, ജനപ്രിയ വള്ളംകളി, പ്രമുഖ ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം, തുടര്‍ന്ന് ലിബിന് സ്കറിയ ബാന്‍ഡിന്റെ സംഗീതനിശ എന്നിവയാണ് സമാപന ദിനത്തിലെ പ്രധാന ആകര്ഷണങ്ങള്. നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ ആഘോഷങ്ങള്‍ വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു.
ആകാശക്കാഴ്ചയൊരുക്കി ഹെലികോപ്റ്റര്‍ ടൂറിസം
മൂവാറ്റുപുഴയുടെ പ്രകൃതിഭംഗി ഉയര്‍ന്ന ആകാശത്തുനിന്ന് കണ്ടസ്വദിക്കാനുള്ള ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതി രാവിലെയോടെ ആരംഭിക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് മാത്യു കുഴല്നാടന് എം.എല്‍.എ. പദ്ധതിയുടെ ലോഞ്ചിങ് നിര്‍വഹിക്കും. ആകാശസവാരിയില് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ആവേശമായി ത്രിവേണി ജലോത്സവവും സ്പീഡ് ബോട്ട് ഷോയും
ഉച്ചയ്ക്ക് 2 മണിക്ക് ലതാ പാലത്തിന് സമീപമാണ് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് വള്ളംകളി നടക്കുന്നത്. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും നടനുമായ ജൂഡ് ആന്റണി മുഖ്യാതിഥിയാകും. ജനങ്ങള്‍ക്ക് ലതാ പാലത്തിലെ നടപ്പാതയില്‍ നിന്ന് വള്ളംകളി സൗകര്യപ്രദമായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മത്സര വിഭാഗത്തില്‍ ബി ഗ്രേഡ് ചുണ്ടന് വള്ളങ്ങളായ തൃക്കുന്നപ്പുഴ, വൈഗ, തത്ത്വമസി, മഹാദേവികാട് എന്നിവയും ഫൈബര്‍ വെപ്പ് വള്ളങ്ങളായ സെന്റ് ആന്റണി, പുത്തന്‍കണ്ടത്തില്‍ എന്നിവയുമാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ്, ലൂസേഴ്സ്, ഫൈനല്‍ മത്സരങ്ങള്‍ക്കൊപ്പം വെപ്പ് വള്ളങ്ങളുടെ പ്രദര്‍ശന മത്സരവും സ്പീഡ് ബോട്ടുകളുടെ പ്രത്യേക ഷോയും അരങ്ങേറും.
ജയസൂര്യയുടെ സാന്നിധ്യത്തില്‍ സമാപന സമ്മേളനവും മെഗാ സംഗീതനിശയും
വൈകുന്നേരം 6 മണിക്ക് മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമാപന സമ്മേളനം മലയാളത്തിന്റെ പ്രിയ താരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിന് ശേഷം കേരളത്തിലെ പ്രശസ്തമായ ലിബിന് സ്കറിയ ബാന്‍ഡ് അവതരിപ്പിക്കുന്ന മെഗാ സംഗീതനിശ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

