മൂവാറ്റുപുഴ: നാടും നഗരവും അതിരറ്റ ആഘോഷത്തിലേക്ക് കടക്കുമ്പോള്‍, ചരിത്രത്തിലാദ്യമായി മൂവാറ്റുപുഴയുടെ വിഹായസ്സിലൂടെയുള്ള അതിമനോഹരമായ ഒരു ആകാശയാത്രയ്ക്ക് കളമൊരുങ്ങുന്നു. ത്രിവേണിയോണം സമാപന ദിനമായ ഓഗസ്റ്റ് 27-ന് മൂവാറ്റുപുഴയെ വാനോളം ഉയര്‍ത്തുന്ന ഹെലികോപ്റ്റര്‍ ടൂറിസവും പുഴയില്‍ ആവേശം വിതറുന്ന ജലോത്സവവും അരങ്ങേറും.
നാടിന്റെ നവയോണക്കാഴ്ചകള് ഇനി വാനമ്പാടിയെപ്പോലെ ഉയര്ന്നുകണ്ട് ആസ്വദിക്കാം എന്നതാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം എന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു . മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് മാത്യു കുഴല്നാടന് എം.എല്‍.എ. ഹെലികോപ്റ്റര്‍ ടൂറിസത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പച്ചപ്പു വിരിച്ച ഹരിതാഭയും നദികളുടെ സംഗമഭൂമിയും ആകാശക്കാഴ്ചയില്‍ വര്‍ണാഭമായ അനുഭവമാക്കി മാറ്റുന്ന ഈ അപൂര്‍വ യാത്രയ്ക്ക് ജനങ്ങളില്‍ നിന്ന് ഇതിനോടകം വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. മൂവാറ്റുപുഴയെ പുതിയൊരു കോണിലൂടെ കണ്ടറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ അവസരത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ആകാശക്കാഴ്ചയുടെ അത്ഭുതങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് മൂവാറ്റുപുഴയാറ്റിലെ ലതാ പാലത്തിന് സമീപം ആവേശം അലതല്ലുന്ന വള്ളംകളിക്ക് തുടക്കമാകും. ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യുന്ന ജലോത്സവത്തില്‍ മലയാള സിനിമയുടെ പ്രിയ താരങ്ങളായ ജയസൂര്യയും ജൂഡ് ആന്റണിയും മുഖ്യാതിഥികളായെത്തും. തീരത്തെ നടപ്പാതകളില്‍ നിന്ന് ഒട്ടും സുരക്ഷിതത്വം ചോരാതെ ജലമേള കാണാനുള്ള ഗംഭീര സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബി ഗ്രേഡ് ചുണ്ടന് വിഭാഗത്തില്‍ തൃക്കുന്നപ്പുഴ, വൈഗ, തത്ത്വമസി, മഹാദേവികാട് എന്നീ വള്ളങ്ങളും, ഫൈബര്‍ വെപ്പ് വിഭാഗത്തില്‍ സെന്റ് ആന്റണി, പുത്തന്‍കണ്ടത്തില്‍ എന്നീ വള്ളങ്ങളും മൂവാറ്റുപുഴയുടെ ഓളപ്പരപ്പില്‍ പോരാടും. ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സുകള്ക്കും ഫൈനലിനും ഒപ്പം സ്പീഡ് ബോട്ടുകളുടെ സാഹസിക പ്രദര്‍ശനവും കാണികളെ ഹരം കൊള്ളിക്കും.
വൈകുന്നേരം 6 മണിക്ക് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമാപന സമ്മേളനം താരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രശസ്തമായ ലിബിന് സ്കറിയ ബാന്‍ഡിന്റെ സംഗീതനിശ മൂവാറ്റുപുഴയുടെ ഓണാഘോഷങ്ങള്‍ക്ക് സമാപനമേകും. മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, വൈസ് ചെയര്മാന് പി.എം. അബ്ദുല്‍ സലാം, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്മാന്മാരായ ജിനു മടേയ്ക്കല്‍, സി.എം.ഷുക്കൂര്‍, അസം ബീഗം, പി.രജിത,ഷഹന മാഹിന്‍, പ്രതിപക്ഷ നേതാവ് മജീദ് മങ്ങാട്ട്, കൗണ്‍സിലര്‍മാര്‍, സാംസ്കാരിക പ്രമുഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

