മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ അതേ സമയം തന്നെ സ്വകാര്യ ആശുപത്രിയിലും സേവനം അനുഷ്ഠിക്കുന്നതായി ഗുരുതര ആരോപണം. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടി സമയത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് പാവപ്പെട്ട രോഗികളുടെ ചികിത്സാവകാശത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്നിരിക്കെ, വിഷയത്തില്‍ വലിയ ജനരോഷമാണ് ഉയരുന്നത്.
നിബന്ധനകള്‍ കാറ്റില്‍പ്പറത്തി ചട്ടലംഘനം
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് ആരോഗ്യവകുപ്പ് കൃത്യമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണ്ണമായും അവഗണിച്ച് ഒപി ഡ്യൂട്ടി സമയങ്ങളില്‍ പോലും സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ ലംഘനമാണ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി രജിസ്റ്റര്‍, ഹാജര്‍ രേഖകള്‍ എന്നിവ ബന്ധപ്പെട്ട സ്വകാര്യ ആശുപത്രിയിലെ സമയക്രമവുമായി ഒത്തുനോക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
എംഎല്‍എയ്ക്കും നഗരസഭയ്ക്കുമെതിരെ പ്രതിഷേധം കനക്കുന്നു
ഇത്രയും ഗൗരവകരമായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രാദേശിക ജനപ്രതിനിധിയായ മൂവാറ്റുപുഴ എംഎല്‍എയോ നഗരസഭയോ അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ നഗരവാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. സാധാരണക്കാരായ രോഗികളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ കാട്ടുന്ന വീഴ്ചയില്‍ പ്രതിഷേധം പുകയുകയാണ്.
ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി വിവിധ സംഘടനകള്‍
കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു പറഞ്ഞു. വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകലും മുന്നറിയിപ്പുമായി രംഗത്തുണ്ട്.

