മുട്ടില്‍മരം മുറിയില്‍ പാര്‍ട്ടിയെ സിപിഎം കുരുക്കിലാക്കിയെന്ന വികാരത്തില്‍ സിപിഐ. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവിറങ്ങിയിട്ടും സിപിഐയേയും മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും പ്രതിക്കൂട്ടിലാക്കുന്നതിലുള്ള അതൃപ്തി സിപിഐ സിപിഎമ്മിനെ അറിയിച്ചു. ഈ അമര്‍ഷത്തെ തുടര്‍ന്നാണ് മുട്ടില്‍മരം മുറി വിവാദത്തില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ സിപിഐ പങ്കെടുക്കാത്തത്.
റവന്യൂ പട്ടയ ഭൂമിയിലെ മരംമുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉള്‍പ്പടെ വിളിച്ച വിവിധ യോഗങ്ങളുടെ തീരുമാനമായിരുന്നു. സര്‍വകക്ഷി യോഗവും മരംമുറി ഉത്തരവ് നല്കാന് ചേര്‍ന്നിരുന്നു. എന്നാല്‍ പഴി മുഴുവനും സിപിഐക്കും പഴയ റവന്യൂ വനം മന്ത്രിമാര്‍ക്കും. പുറത്തു വരുന്ന രേഖകളിലെല്ലാം കൂടുതലും പ്രതിക്കൂട്ടില്‍ നില്ക്കുന്നതും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ്. സര്‍വകക്ഷി യോഗങ്ങളുടെ തീരുമാനത്തിനുപരി ഉത്തരവിറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു.
വിവാദ ഉത്തരവില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്വമെന്നാണ് സിപിഐ നിലപാട്. സിപിഎം സിപിഐയേ കുരക്കിലാക്കിയെന്ന നിലപാട് പാര്‍ട്ടി നേതൃത്വം അറിയിച്ചും കഴിഞ്ഞു. ഇടതുമുന്നണി നേരിടുന്ന ഏതു പ്രതിസന്ധിയിലും സൈബര്‍ ഇടങ്ങളില്‍ പ്രതിരോധം തീര്‍ക്കാറുണ്ട്.
എന്നാല്‍ മരംമുറി വിവാദത്തില്‍ സിപിഐയെ കുറ്റപ്പെടുന്ന പ്രചാരണങ്ങള്‍ക്ക് സിപിഎം മൗനാനുവാദം നല്‍കിയെന്നാണ് സിപിഐയിലെ ഒരി വിഭാഗം കരുതുന്നത്. പുതിയ വനം മന്ത്രി എ കെ ശശീന്ദ്രന് സിപിഐയെ പരോക്ഷമായി കുറ്റപ്പെടുത്തിയപ്പോഴും സിപിഎം നേതൃത്വം വിലയിക്കില്ലെന്ന് സിപിഐക്ക് പരിഭവമുണ്ട്.


