കണ്ണൂര്‍: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പടന്നക്കര വിഒപി മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് മേഘയെ നാലാംമൈലിലെ അയപ്പ മഠത്തിന് സമീപമുള്ള ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശേരിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ഉദ്യോഗസ്ഥയായിരുന്നു മേഘ.
കണ്ണൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരികെയെത്തിയതിന് ശേഷമായിരുന്നു സംഭവം. 2023 ഏപ്രില്‍ രണ്ടിനായിരുന്നു മേഘയുടെ വിവാഹം. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണത്തിന് പിന്നിലെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്കി. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കതിരൂര്‍ പോലീസ് അറിയിച്ചു.


