വിവിധ ന്യൂസ് പോർട്ടറുകളിലേക്ക് ന്യൂസ് അപ്ഡേറ്റ് ചെയ്യുവാൻ ആളുകളെ ആവശ്യം ഉണ്ട്. താല്പര്യമുള്ളവർ 8592910001 നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കുടവട്ടൂർ ലക്ഷ്മി കോട്ടേജിൽ ഹരിലാൽ (54), കാർമൽ സ്കൂൾ വിദ്യാർത്ഥി പാർഥിപ് (15), അജയ കുമാർ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന ഏഴ് കുട്ടികളും ഒരു മുതിർന്നയാളുമടക്കം എട്ട് പേരാണ് അപകടസമയത്ത് ബസ് സ്റ്റോപ്പിലുണ്ടായിരുന്നത്.
പരുക്കേറ്റ കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവർ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണെന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന ബൈക്കിലിടിച്ച ശേഷമാണ് ടിപ്പർ നിയന്ത്രണംവിട്ട് മറിഞ്ഞതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനം പൂർണമായും തകർന്നു.
അപകടമുണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ഫയർഫോഴ്സ് എത്തി ടിപ്പർ നീക്കം ചെയ്ത ശേഷം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് എട്ട് പേരെയും പുറത്തെടുത്തത്. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.


