ശബരിമല സ്വർണക്കൊള്ളയിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കോടതി ഇടപെടലിലും രൂക്ഷവിമർശനവുമായി ദേവസ്വംമന്ത്രി കെ മുരളീധരൻ. സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണമെന്നും ഈ പോക്കാണെങ്കിൽ ഇപ്പോഴത്തെ തലമുറ കഴിഞ്ഞ് അന്വേഷണം തീരാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. സ്വർണ്ണക്കള്ള കേസിൽ എസ് ഐ ടി അന്വേഷണത്തിന്റെ റിപ്പോർട്ട് ഒന്നും പുറത്തു വരുന്നില്ല. കേസിൽ ഒരു അവകാശവും ഗവൺമെന്റിനോ ദേവസ്വത്തിനോ ഇല്ല എന്നും കെ മുരളീധരൻ പറഞ്ഞു.
ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ കോടതികളുടെ അമിതമായ ഇടപെടൽ വേണോ എന്നും മന്ത്രിയുടെ പ്രതികരണം. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെ തീരുമാനിക്കുന്നത് കോടതി. ഭക്തജനങ്ങൾക്കും സർക്കാരുകൾക്കും എന്തു റോളാണ് ഉള്ളതെന്നും കെ മുരളീധരൻ ചോദിച്ചു. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെ തീരുമാനിക്കുന്നത് കോടതിയാണ്. ക്ഷേത്രങ്ങളുടെ കാര്യത്തിൽ കോടതി ഇടപെടലുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് നിയമസഭയിൽ തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയില്‍ ഏത് പൂവ് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് വരെ കോടതിയാണ്. കണക്കുകളുടെ ഓഡിറ്റിങ്ങിന് മാത്രമാണ് കോടതികള്‍ക്ക് അധികാരമുള്ളത്. എന്നാല്‍ ഇത് മറികടന്നും കോടതികള്‍ തീരുമാനം എടുക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നിയമനത്തില്‍ ഒരു പാനല്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. മറ്റ് ദേവസ്വങ്ങള്ക്കില്ലാത്ത പാനല്‍ എന്തിനാണ് തിരുവിതാകൂറില് മാത്രം പാനലെന്ന് മന്ത്രി ചോദിച്ചു.


