നദികളാലും തീരങ്ങളാലും സമ്പന്നമായ കേരളത്തില്‍ ജലഗതാഗതത്തിന്റെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിന്റെ ഭാഗമായാണ് കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 616 കിലോമീറ്റര്‍ ജലപാതയുടെ വികസനം പുരോഗമിക്കുന്നത്. ജലപാതയുടെ വികസനം കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായകമാകുമെന്നും മന്ത്രി പറഞ്ഞു.
ബോട്ട്, മറൈന്‍ വ്യവസായ രംഗത്തെ വ്യാവസായിക പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ അഞ്ചാമത് എഡിഷന് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലപാത തുറന്നു കൊടുക്കുന്നതിനായി കായലുകളുടെ ഡ്രെഡ്ജിംഗ് അതിവേഗം പുരോഗമിക്കുകയാണ്. രണ്ടു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാകും. വിനോദ സഞ്ചാരം, ജലഗതാഗതം എന്നീ മേഖലകളില്‍ വലിയ വികസനം ഇതോടെ സാധ്യമാകും. കേരളത്തില്‍ മറ്റൊരു ഹൈവേ നിര്‍മ്മിക്കുന്നതിനേക്കാള്‍ ലാഭകരമാണ് ജലപാതയുടെ വികസനം. റോഡ് ഗതാഗതത്തിന്റെ മൂന്നിലൊന്ന് ജലപാതയിലേക്ക് മാറുകയും അതുവഴി ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കാനും കഴിയും.
പെട്രോള്‍, ഡീസല്‍ തുടങ്ങിയവ ജലമാര്‍ഗം കൊണ്ടുപോയാല്‍ റോഡിലൂടെ ഇവ കൊണ്ടുപോകുന്നതിന്റെ അപകട സാധ്യത കുറയും. അന്തരീക്ഷ മലിനീകരണമില്ലാതെ, അപകട ഭീഷണിയില്ലാതെ സഞ്ചാരികള്‍ക്ക് കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ സഞ്ചരിക്കാം. ജലപാതയുടെ വശങ്ങളില് ബോട്ട് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിരവധി അവസരങ്ങള്‍ ലഭ്യമാകും. ജലഗതാഗത വകുപ്പ് കൂടുതല്‍ ബോട്ടുകള്‍ ഇറക്കും. ഇന്ത്യയിലെ മറ്റു തീരങ്ങളിലേക്കുള്ള ക്രൂസ് ബോട്ടുകള്‍ ടൂറിസം രംഗത്തിന് വലിയ കുതിപ്പാകുമെന്നും മന്ത്രി പറഞ്ഞു.
29 വരെയാണ് ബോട്ട് ആന്‍ഡ് മറൈന്‍ ബോട്ട് ഷോ നടക്കുന്നത്. ബോട്ട്, മറൈന്‍ രംഗത്തെ 65 എക്സിബിറ്റര്‍മാരും 100 സ്റ്റാളുകളുമാണ് ഷോയിലുള്ളത്. വ്യവസായ വകുപ്പ്, കെ.എം.ആര്.എല്‍, കേരള ടൂറിസം, ഡി ടി പി സി, കുഫോസ് തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം. ബോട്ട് യാഡുകള്, ഉപകരണ നിര്‍മ്മാതാക്കള്‍ തുടങ്ങിയ ചെറുകിട-ഇടത്തരം യൂണിറ്റുകളെ പങ്കെടുപ്പിച്ചുള്ള ഇന്‍ഡസ്ട്രി പവലിയനും ഈ രംഗത്തെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ പങ്കെടുക്കുന്ന കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പവിലിയനുമുണ്ട്.
നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ട് റിയര്‍ അഡ്മിറല്‍ സുബീര്‍ മുഖര്‍ജി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡി ഐ ജി എന്‍. രവി, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് ചെയര്മാന് അലക്സ് കെ. നൈനാന്, അഡ്വ.വി.ജെ. മാത്യു, ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.


