മുവാറ്റുപുഴ : ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരി പാലം യഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. പഴയ തൂക്കു പാലത്തിന് പകരം കോണ്‍ക്രീറ്റ് പാലമാണ് പുതിയതായി ഇവിടെ നിര്‍മ്മിക്കുന്നത്. 110 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും പുതിയ പാലത്തിന് ഉണ്ടാകും. 22 മീറ്റര്‍ നീളമുള്ള 5 സ്പാനുകള്‍ പാലത്തിന് ബലമേകും.
നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ 2 വരിയുള്ള ഗതാഗതം ഇവിടെ യാഥാര്‍ത്ഥ്യമാകും. 7.54 കോടി രൂപയാണ് ടെന്‍ഡറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ തുക. തോട്ടഞ്ചേരി – കടുംപിടി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കാളിയാര്‍ പുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. പി.എം.ജി.എസ്.വൈ മൂന്നാം ഘട്ട പദ്ധതിയില്‍ കേരളത്തില്‍ അനുവദിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം എന്ന പ്രത്യേകതയും തോട്ടഞ്ചേരി പാലത്തിനുണ്ട്.
11 പാലങ്ങളാണ് കേരളത്തില്‍ അനുവദിച്ചത്. ഇതില്‍ നാലും ഇടുക്കി മണ്ഡലത്തിലാണ്. 2018ലെ പ്രളയത്തിലാണ് ഇവിടെയുണ്ടായിരുന്ന തൂക്കു പാലം തകരുന്നത്. തൂക്കു പാലം പുനര്നിര്മ്മിക്കണമെന്ന ആവശ്യം ശക്തമായപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ തൂക്കുപാലം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 1.70 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുവാന്‍ സാധിച്ചില്ല. മാത്രമല്ല തൂക്കു പാലത്തിന് പകരം വാഹന ഗതാഗതം കൂടി സാധ്യമാകുന്ന കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ഈ സാഹചര്യത്തിലാണ് ഡീന്‍ കുര്യാക്കോസ് എംപി 2020ല്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തോട്ടാഞ്ചേരി പാലത്തെ നിര്ദ്ദര്ശിക്കുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു വിശദമായ രൂപരേഖ തയ്യാറാക്കി. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പദ്ധതിക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഭരണാനുമതി നല്‍കിയത്.
എന്നാല്‍ പാലത്തിന്റെ രൂപഘടനയും സാങ്കേതികനുമതിയും ലഭിക്കുന്നതിന് പിന്നെയും സമയമെടുത്തു. കേരളത്തില്‍ അനുവദിച്ച എല്ലാ പാലങ്ങള്‍ക്കും ഒരുമിച്ച് മാത്രമേ സാങ്കേതികനുമതി നല്കു എന്ന സര്‍ക്കാര്‍ നയം കാരണമാണ് പദ്ധതി പിന്നെയും വൈകിയത്. ഇതേ തുടര്‍ന്ന് 2024 ഓഗസ്റ്റ് മാസത്തിലാണ് പദ്ധതിയുടെ അന്തിമ അനുമതി ലഭ്യമായത്. എന്നാല്‍ എംപി ഇടപ്പെട്ട് വേഗത്തില്‍ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീയാക്കി. ഇനി കരാര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാക്കുന്നതോടെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് വേഗത്തില്‍ കടക്കുവാന്‍ സാധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.