മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അതൃപ്തി തുടരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി, നിയുക്തമുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തുകയാണ്. വി ഡി സതീശന്റെ അനുനയനീക്കത്തിന് രമേശ് ചെന്നിത്തല വഴങ്ങുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ രമേശ് ചെന്നിത്തല മനസ് തുറന്നിട്ടില്ല. ആഭ്യന്തരവകുപ്പ് ലഭിച്ചാൽ മാത്രം മന്ത്രിസഭയുടെ ഭാഗമാകൂവെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.
ഒപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാരെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെടും. ബോർഡ് കോർപ്പറേഷനുകളിൽ പ്രാതിനിധ്യം ആവശ്യപ്പെടും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടും. വൈകിട്ട് കേരളത്തിൽ എത്തുന്ന കെ സി വേണുഗോപാൽ രമേശ് ചെന്നിത്തലയെ കാണും. ആവശ്യങ്ങൾ കെ സി ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷ സ്ഥാനമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടും.


