ലഹരി മാഫിയയുടെ ‘ഹബ്ബ്’ എന്ന പേരുദോഷമുള്ള പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ തുടങ്ങി. മാഫിയയുടെ പുലിമടയിലേക്ക് നേരിട്ടിറങ്ങിയ മന്ത്രി, ജനകീയ പ്രതിരോധത്തിലൂടെ ലഹരി ശൃംഖലകളെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചു.
തെരുവിൽ ജനസാഗരം, മാഫിയയ്ക്ക് താക്കീത് . അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം പെരുകുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് മന്ത്രിയുടെ അപ്രതീക്ഷിത ഇടപെടൽ. ‘തൂഫാൻ ജാഗരൺ’ പദ്ധതിയുടെ ഭാഗമായി ആയിരങ്ങൾ അണിനിരന്ന ബഹുജന റാലിക്ക് മന്ത്രി നേതൃത്വം നൽകി. മാഫിയയുടെ സ്വാധീന മേഖലകളിലൂടെ കടന്നുപോയ റാലി നഗരത്തെ ഇളക്കിമറിച്ചു. പൊതുസമ്മേളനത്തിൽ മന്ത്രി ലഹരി മാഫിയക്കെതിരെ ആഞ്ഞടിച്ചു. “നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒരു മാഫിയയും ഈ മണ്ണിൽ വാഴില്ല. ഒളിത്താവളങ്ങൾ എവിടെയായാലും തകർത്തെറിയും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ലേബർ ക്യാമ്പുകളിൽ മിന്നൽ സന്ദർശനം
പ്രഖ്യാപനത്തിൽ ഒതുക്കാതെ മന്ത്രി നേരിട്ട് കളത്തിലിറങ്ങി. അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ മിന്നൽ സന്ദർശനം നടത്തി സാഹചര്യങ്ങൾ വിലയിരുത്തി. ലഹരി ഉപയോഗവും വിതരണവും നിരീക്ഷിക്കാൻ പ്രത്യേക പോലീസ് വിംഗിനെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു. ക്യാമ്പുകളിൽ കൃത്യമായ പരിശോധനയും കുറ്റവാളികളെ സംരക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയും ഉണ്ടാകും.
സംസ്ഥാനമൊട്ടാകെ ‘തൂഫാൻ’ വീശും
‘ഓപ്പറേഷൻ തൂഫാൻ’ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ലഹരി ബാധിത മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ജനങ്ങളുടെ പൂർണ പിന്തുണയോടെ മാത്രമേ ഈ സാമൂഹിക വിപത്തിനെ തുടച്ചുനീക്കാനാവൂ എന്ന് മന്ത്രി ഓർമിപ്പിച്ചു. കൃത്യമായ വിവരങ്ങൾ പോലീസിന് കൈമാറാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ആഭ്യന്തരമന്ത്രിയുടെ ഈ അപ്രതീക്ഷിത നീക്കം മാഫിയാ കേന്ദ്രങ്ങളെ ആകെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ജനങ്ങളും പോലീസും കൈകോർക്കുന്ന ഈ ജനകീയ ചെറുത്തുനിൽപ്പിലൂടെ പെരുമ്പാവൂരിൽ നിന്ന് മയക്കുമരുന്ന് മാഫിയയുടെ അന്ത്യം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്.


