മൂവാറ്റുപുഴ: ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കായി മൂവാറ്റുപുഴയില്‍ അര്‍ബന്‍ ടൂറിസം ഹബ്ബിന് രൂപംനല്‍കും. ജില്ലയുടെ ഉപഗ്രഹ നഗരം ആയി വളര്‍ന്നുവരുന്ന മൂവാറ്റുപുഴയെ ജില്ലയിലെ വാട്ടര്‍ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്ക് രൂപരേഖയായി. നഗരസഭയും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.
നഗരസഭ ഡ്രീം ലാന്‍ഡ് പാര്‍ക്ക് ആസ്ഥാനമാക്കി ആണ് ടൂറിസം ഹബ്ബിന് രൂപം നല്‍കുക. നിലവിലുള്ള പാര്‍ക്ക് ലോകോത്തര നിലവാരത്തില്‍ നവീകരിക്കും. വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങള്‍ ലഭിക്കുന്ന റസ്റ്റോറന്റ് ആയിരിക്കും പാര്‍ക്കിലെ മുഖ്യ ആകര്‍ഷക ഇനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സാഹസിക റെയ്ഡുകള്‍ സ്ഥാപിക്കും. ലോകോത്തര കളിക്കോപ്പുകളും പ്രത്യേക കളിസ്ഥലം എന്നിവയും ഉണ്ടാകും. ഇതോടനുബന്ധിച്ച് തൊടുപുഴ ആറിനു കുറുകെ പാര്‍ക്കുമായി ബന്ധിപ്പിച്ച് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മ്മിക്കും. പ്രളയ സമയത്ത് അഴിച്ചുമാറ്റി സൂക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ആയിരിക്കും പാലം നിര്‍മ്മിക്കുക.
നിലവിലുള്ള പുഴയോര നടപ്പാതയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും. പാലം നിര്‍മ്മിക്കുന്നത് മുതല്‍ ലതാ പാലം വരെയും ത്രിവേണി സംഗമം മുതല്‍ കച്ചേരിത്താഴം വരെയും പുഴയോര നടപ്പാത പുതുതായി നിര്‍മ്മിക്കും. നിലവിലെ പാത നവീകരിക്കും. പ്രതിദിനം 7000 മുതല്‍ 8000 വരെ ആളുകള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഉള്ള സൗകര്യമാകും ഒരുക്കുക.മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ വിരസത ഒഴിവാക്കി പാര്‍ക്കിലും പരിസരങ്ങളിലുമായി ചിലവഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതികള്‍ ആവും നടപ്പാക്കുക. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ കൂടി ശ്രദ്ധ ആകര്‍ഷിക്കുന്നതിന് എല്ലാ വര്‍ഷവും ഫെസ്റ്റ് സംഘടിപ്പിക്കും. വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന തരത്തില്‍ ആവും ടൂറിസം ഹബ്ബിന് രൂപം നല്‍കുക.
ഇതിനു പുറമേ തൊടുപുഴ മൂവാറ്റുപുഴ ആറുകളില്‍ ബോട്ട് സര്‍വീസ് ആരംഭിക്കും. പാര്‍ക്ക് മുതല്‍ ചാലിക്കടവ് പാലം, കച്ചേരിത്താഴം വരെ ആദ്യഘട്ടത്തില്‍ ഉല്ലാസ ബോട്ട് യാത്ര ഒരുക്കും. വാട്ടര്‍ സ്പോര്‍ട്സ് ലക്ഷ്യമിട്ട് കയാക്കി, തുഴവഞ്ചി എന്നിവ പുഴയില്‍ ഇറക്കും. വിനോദസഞ്ചാര സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.


