മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ നടന്ന വ്യാജപ്പാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊലീസും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ തട്ടിപ്പില്‍ വന്‍ തോതിലുള്ള വ്യാജപ്പാല്‍ വിപണിയില്‍ എത്തിയതായാണ് കണ്ടെത്തല്‍.
കഴിഞ്ഞ ആറ് മാസത്തിനിടെ ഭൂം താലൂക്കില്‍ ഏകദേശം 2.3 കോടിയിലധികം ലിറ്റര്‍ വ്യാജപ്പാല്‍ വിറ്റഴിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പ്രകാരം, ഗുണനിലവാരമില്ലാത്ത ഏകദേശം 2,30,470 കിലോഗ്രാം പാല്‍പൊടിയാണ് വ്യാജപ്പാല്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. ഇത് ഉപയോഗിച്ച് ഏകദേശം 23 ലക്ഷത്തിലധികം ലിറ്റര്‍ കൃത്രിമ പാല് നിര്‍മ്മിച്ചു. ഇതിന്റെ വിപണി മൂല്യം 9.21 കോടി രൂപയോളം വരും.


