പത്തനംതിട്ട: അടൂരിലെ ഷഹാനയുടെ മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. മരണത്തെത്തുടർന്ന് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. മരണത്തിന് മുമ്പ് ഷഹാനയെ അരുൺ മർദിച്ചതായും ഇതാവാം ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
തിങ്കളാഴ്ച രാത്രിയാണ് ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വെച്ച് യുവതിയും ആൺ സുഹൃത്തും തമ്മിൽ കയ്യാങ്കളി നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും കോടതിയിൽ ഉണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷഹാന.


