മൂവാറ്റുപുഴ: സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും തനിമ നഷ്ടപ്പെടാത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുന്നതാകണം വിദ്യാഭ്യാസം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള
മൂവാറ്റുപുഴ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് സൗഗ്രന്ഥികം എന്ന് പേരിട്ട നവീകരിച്ച സ്ക്കൂള് ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി. കെ. ഷാജി സ്വാഗതം ആശംസിച്ചു. യാക്കോബായ സഭ അങ്കമാലി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത, റവ. ഫാ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്ക്കോപ്പ, വാര്‍ഡ് മെമ്പര്‍ എല്‍ദോ പി. കെ., എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, പ്രധാനാദ്ധ്യാപിക ജീമോള്‍ കെ. ജോര്‍ജ്ജ്, പി. ടി. എ. പ്രസിഡന്റ് മോഹന്‍ദാസ് സൂര്യനാരായണന്, എം. പി. ടി. എ. പ്രസിഡന്റ് രേവതി കണ്ണന്, സ്ക്കൂള് ഹെഡ് ബോയ് കിരണ്‍ സാവിയോ, ഹെഡ് ഗേള്‍ സമ്ര റഫീഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.
അഡ്വ. പി. എസ്. ശ്രീധരന് പിള്ള എഴുതിയ പുസ്തകങ്ങള്‍ അദ്ദേഹം സ്ക്കൂളിന് സമ്മാനിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ഗവര്‍ണര്‍ താന്‍ എഴുതിയ മുഴുവന്‍ പുസ്തകങ്ങളും ഒരു സ്ക്കൂളിന് സൗജ്യനമായി നല്‍കുന്നത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ അദ്ദേഹം ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂബിലി സ്മരണികയുടെ പ്രകാശനം പായിപ്ര രാധാകൃഷ്ണന് നല്കി ഗവര്‍ണര്‍ നിര്‍വ്വഹിച്ചു.
ജില്ലാ – സംസ്ഥാന കലോത്സവങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. വിദ്യാഭ്യാസ, കലാ, കായിക മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന എന്‍ഡോവ്മെന്റുകള്‍, എക്സലന്‍സ് അവാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്തു. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. വിരമിയ്ക്കുന്ന ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപിക ടീന അലക്സ്, മീനിയല്‍ സ്റ്റാഫ് ടി. കെ. ചിന്നമ്മ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് പി. എസ്. ശ്രീധരന് പിള്ള സമ്മാനിച്ചു.