മുവാറ്റുപുഴ: നഗരസഭാ സെക്രട്ടറി സിമി എച്ച് നെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നഗരസഭാ കൗൺസിൽ യോഗത്തിൽ ഭൂരിപക്ഷത്തോടെ പാസാക്കി. സെക്രട്ടറിയുടെ പ്രവർത്തനശൈലിക്കും പൊതുജനങ്ങളോടുള്ള സമീപനത്തിനുമെതിരെ യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. സെക്രട്ടറി സാധാരണക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്നും നിയമപരമായ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും കൗൺസിൽ ആരോപിച്ചു. സെക്രട്ടറിക്കെതിരെ പൊതുജനങ്ങളിൽ നിന്ന് നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 16 പ്രകാരം ചെയർപേഴ്സന്റെ അറിവോ സമ്മതമോ കൂടാതെ കത്തിടപാടുകൾ നടത്തി അധികാരം ദുരുപയോഗം ചെയ്തതായും യോഗത്തിൽ ആരോപണമുയർന്നു. കൗൺസിലിന്റെ അനുമതിയില്ലാതെ നിർണായക ഭരണനടപടികൾ സ്വീകരിച്ചതായും അംഗങ്ങൾ വിമർശിച്ചു. കൂടാതെ, നിലവിലുള്ള കരാർ ജീവനക്കാരുടെ കരാർ കൗൺസിലിന്റെ അനുമതിയില്ലാതെ അവസാനിപ്പിക്കാൻ കത്ത് നൽകി വ്യക്തിവൈരം തീർക്കാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും ഉയർന്നു. ഇതുമൂലം നഗരസഭയിലെ ഭരണ പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിച്ചുവെന്നും കൗൺസിൽ വിലയിരുത്തി.
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജനപ്രതിനിധികൾ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നഗരസഭ വിട്ടുവീഴ്ച ചെയ്യില്ലന്നും ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പറഞ്ഞു. ജീവനക്കാരെ സംരക്ഷിക്കാൻ കൗൺസിലിന് ബാധ്യതയുണ്ടെങ്കിലും സെക്രട്ടറിയുടെ നിലവിലെ സമീപനവും നടപടികളും അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. ഷുക്കൂർ അവതരിപ്പിച്ച പ്രമേയത്തെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിനു മടേക്കൻ പിന്തുണച്ചു. വിവിധ കൗൺസിൽ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് സെക്രട്ടറിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി. തുടർന്ന് നടന്ന വോട്ടെടുപ്പിൽ 19 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി.


