മൂവാറ്റുപുഴ: നഗര മധ്യത്തിലെ ഹോട്ടല്‍ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന യുവാവിനെ രണ്ട് മണിക്കൂറിന് ശേഷം ഫയര്‍ഫോഴ്സ് സംഘം സുരക്ഷിതമായി പുറത്തെടുത്തു. ഇടുക്കി രാജാക്കാട്, പറയില്‍ തോട്ടത്തില്‍ ജോബി ആഗസ്റ്റിന് (46) ആണ് മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. വാഹന കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി എത്തിയതായിരുന്നു യുവാവ്.
ലിഫ്റ്റ് തകരാറിലായി രണ്ട് മണിക്കൂറോളം ജോബി ഉള്ളില്‍ കുടുങ്ങിക്കിടന്നെങ്കിലും ഹോട്ടല്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് എറണാകുളത്തുള്ള സഹോദരി ജോബിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ സഹോദരി വിവരം മൂവാറ്റുപുഴ ഫയര്‍ സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി ലിഫ്റ്റ് തുറന്ന് ജോബിയെ പുറത്തെടുത്തു.
രണ്ട് മണിക്കൂറോളം അടച്ചിട്ട ലിഫ്റ്റിനുള്ളില്‍ കഴിഞ്ഞെങ്കിലും ജോബിക്ക് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നനങ്ങളൊന്നുമില്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

