തലസ്ഥാനത്തും മ്യൂസിയം തുടങ്ങാന്‍ ആലോചിച്ചിരുന്നതായി മോന്സണ് മാവുങ്കല്‍. സംസ്കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചത് അതിന്റെ ഭാഗമായിട്ടാണെന്നും, ചാനലിന് 10 ലക്ഷം രൂപ കൈമാറിയെന്നും മൊന്സന് വെളിപ്പെടുത്തി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. സംസ്കാര ചാനല്‍ കേസില്‍ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈല്‍ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംസ്കാര ചാനല്‍ വാങ്ങാന്‍ ശ്രമിച്ചതും മ്യൂസിയം തുടങ്ങാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായെന്നും മോണ്സണ് മൊഴി നല്കി. ഇതിന്റെ ഭാഗമായി ചാനലിന് 10 ലക്ഷം രൂപ കൈമാറിയത് ബിനാമി ജോഷി വഴിയാണെന്ന് മോന്സണ് പറഞ്ഞു. ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് മോന്‍സണെ ചോദ്യം ചെയ്യുകയാണ്. ചാനല്‍ ചെയര്‍മാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നത്. കേസില്‍ കഴിഞ്ഞ ദിവസമാണ് മോണ്‍സണെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോന്‍സന്റെ സാമ്പത്തിക തട്ടിപ്പില്‍ ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. സാമ്പത്തിക-ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ആദായനികുതി അന്വേഷണ വിഭാഗം ശേഖരിച്ചു. രണ്ടാംഘട്ടമായി പരാതിക്കാരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.
ഈ സാഹചര്യത്തിലാണ് പുതിയ കേസുകള്‍ മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കം ക്രൈം ബ്രാഞ്ച് സംഘം നടത്തുന്നത്. നിലവില്‍ 5 കേസുകളാണ് മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരോ കേസിലുമുളള അന്വേഷണം പുരോഗമിക്കുകയാണ്.


