ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം. മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരനെതിരെയാണ് ഇരുപത്തിയേഴുകാരി ആസിഡ് ആക്രമണം നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പീലമേട്ടില്‍ വച്ചായിരുന്നു ആക്രമണം. കൊടിപുരത്തെ ആര് രാഗേഷിനെ കത്തിയും ആസിഡും ഉപയോഗിച്ച് ആക്രമിച്ച ശേഷം കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി ജയന്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടി ദുബായിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു രാഗേഷ്. ദുബായിയില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ജൂലൈ മാസം രാഗേഷ് സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിലെത്തി. ഇയാള്‍ മൂന്നു മാസത്തിന് മുന്‍പ് വിവാഹിതനാവുകയും ചെയ്തു. വിവാഹ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. അതിനിടെ ജയന്തി അവധിക്ക് തിരികെ ചെന്നൈയിലെത്തി. രാഗേഷ് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം യുവതി കോയമ്പത്തൂര്‍ പീലമേട്ടിലെ അപാര്‍ട്ട്മെന്റിലെത്തുകയായിരുന്നു. അപാര്‍ട്ട്മെന്റിലെത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാഗേഷിനോട് ആവശ്യപ്പെട്ടു. ഇതിനേച്ചൊല്ലി രണ്ടുപേരും തമ്മില്‍ തര്‍ക്കമായി.
ഇതിനിടയില്‍ നാട്ടില്‍ വച്ച് വിവാഹം കഴിഞ്ഞ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചു. ജയന്തിയെ വിവാഹം ചെയ്യാനാവില്ലെന്നും രാഗേഷ് വിശദമാക്കി. ഇതോടെ പ്രകോപിതയായ യുവതി രാഗേഷിനെ ആക്രമിക്കുകയായിരുന്നു. രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച ശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറയുന്നു. വിഷം കഴിച്ചാണ് ജയന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹ വാഗ്ദാനം നല്കി രാഗേഷ് യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ വാങ്ങിയതായി ജയന്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലുള്ള ഇരുവരുടേയും നില ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.


