തിരുവനന്തപുരം ചിറയിന്‍കീഴില്‍ പട്ടികജാതി യുവാവിനെ ഭാര്യയുടെ സഹോദരന് ആക്രമിച്ചത് മതവിരോധം മൂലമെന്ന് പൊലീസിന്റെ എഫ്.ഐ.ആര്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നും റിപ്പോര്‍ട്ട്. എന്നാല്‍ മതംമാറാന്‍ നിര്‍ബന്ധിച്ചതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല. മത വിരോധത്തിനൊപ്പം ദുരഭിമാനവും എതിര്‍പ്പിന് കാരണമായെന്ന് പ്രതിയുടെ അമ്മ വല്‍സല ജോര്‍ജ് സമ്മതിച്ചു.
അതേസമയം ദുരഭിമാന മര്‍ദ്ദനക്കേസില്‍ ഇനിയും പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നു. സംഭവം നടന്ന ദിവസം തന്നെ പൊലീസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതല്ലാതെ ഡാനിഷിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പരാതി കിട്ടാത്തത് കൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിന്‍കീഴ് പൊലീസിന്റെ വിശദീകരണം.
പൊലീസിന്റെ ഗുരുതര വീഴ്ചയ്ക്കെതിരെ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് ദീപ്തിയുടെ തീരുമാനം. മാധ്യമ വാര്‍ത്തകള്‍ വന്ന ശേഷമാണ് ഡാനിഷ് ഒളിവില്‍ പോയത്. മതംമാറാന്‍ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മര്‍ദ്ദിച്ചത്. മിഥുന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര് വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. പ്രേമിച്ച് റജിസ്റ്റര്‍ വിവാഹം നടത്തിയതിന്റെ വൈരാഗ്യത്താലാണ് ദീപ്തിയുടെ സഹോദരന് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. താഴ്ന്ന ജാതിയിലുള്ള മിഥുന് സഹോദരിയെ വിവാഹം ചെയ്യാന്‍ എന്ത് യോഗ്യതയെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും എഫ്.ഐ.ആറിലുണ്ട്. ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ്.
പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭര്‍ത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം. ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മര്‍ദ്ദനം.
ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. പരാതി എഴുതി നല്‍കിയില്ലെന്ന സാങ്കേതികത്വത്തിലാണ് പൊലീസ് പിടിച്ചു തൂങ്ങുന്നത്. മര്‍ദ്ദനത്തില്‍ പുറമേയ്ക്ക് കാണാവുന്ന മുറിവുകള്‍ മിഥുനുണ്ടായിരുന്നില്ല. ഇത് കൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്ക്കേറ്റ അടിയില്‍ മിഥുന്റെ പരിക്ക് ഗുരുതരമാണ്.


