ദേവാസ്: ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കൃഷിഭൂമിയില്‍ എട്ടടി താഴ്ചയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാല്പത്തിയഞ്ചുകാരിയായ മംമ്ത, മക്കളായ രുപാലി(24), ദിവ്യ(14) ഇവരുടെ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ടതായിരിക്കും എന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടികളിൽ ഒരാളുമായി അടുപ്പമുണ്ടായിരുന്ന സുരേന്ദ്ര ചൗഹാനും, ഇയാളുടെ കൂട്ടാളികളുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കി ഏഴു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ച് മൃതദേഹങ്ങളും നഗ്നമായ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ വേഗം മണ്ണിനോട് ലയിക്കാനായി ഉപ്പും, യൂറിയയും ചേര്തിട്ടുണ്ടായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനായി കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങളെല്ലാം കത്തിക്കുകയും ചെയ്തു.
മേയ് 13നാണ് അഞ്ച് പേരെയും കാണാതായത്. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം വഴി തെറ്റിക്കാനായി രൂപാലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ രുപാലിയുടെ ഫോണ്‍ പൊലീസ് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഫോണ്‍ കോള്‍ വിരങ്ങളും മറ്റും പരിശോധിച്ചതോടെ യുവതിയ്ക്ക് സുരേന്ദ്രയുമായി ബന്ധമുണ്ടെന്ന് പൊലീസിന് മനസിലാക്കുകയായിരുന്നു. ഇയാൾ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. ഇതാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്.


