സംവിധായകനും തിരക്കഥാകൃത്തുമായ ആൻ്റണി ഈസ്റ്റ്മാൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണ് മരണം.
തിരക്കഥാകൃത്ത് ജോൺ പോൾ ആണ് തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വിവരം പങ്കുവച്ചത്. 1960 ഓടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളത്ത് ഈസ്റ്റ്മാൻ എന്ന പേരിൽ സ്റ്റുഡിയോ ആരംഭിച്ചു. അങ്ങനെയാണ് ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
പത്രങ്ങൾക്ക് വേണ്ടി ആദ്യ ഫോട്ടോ എടുത്ത് തുടങ്ങിയ അദ്ദേഹം പിന്നീട് വാരികകൾക്ക് വേണ്ടി സിനിമാക്കാരുടെ ചിത്രങ്ങൾ എടുത്തു തുടങ്ങി. അങ്ങനെയാണ് സിനിമാ മേഖലയിൽ എത്തുന്നത്. നിശ്ചല ഛായാഗ്രാഹകനായി സിനിമാജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് സംവിധാനം, നിർമ്മാണം, തിരക്കഥ, തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു.
നടി സിൽക്ക് സ്മിതയെ സിനിമാ രംഗത്തെത്തിച്ചത് ആൻ്റണി ഈസ്റ്റ്മാൻ. 1979ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം ഇണയെത്തേടി എന്ന സിനിമക്ക് വേണ്ടി നായികയെത്തേടി കോടമ്പാക്കത്ത് എത്തിയ അദ്ദേഹം വിജയലക്ഷ്മി എന്ന 19കാരിയെ കാണുകയും ആ പേര് മാറ്റി സ്മിതയാക്കി നായികയാക്കുകയായിരുന്നു.
അമ്പട ഞാനേ, വർണ്ണത്തേര്, ഐസ്ക്രീം തുടങ്ങി ആറ് സിനിമകൾ സംവിധാനം ചെയ്ത അദേഹം ഈ ലോകം ഇവിടെ കുറേ മനുഷ്യർ, തസ്കര വീരൻ തുടങ്ങി 9 സിനിമകൾക്ക് കഥ എഴുതിയിട്ടുണ്ട്. മൃദുലയുടെ തിരക്കഥ ഒരുക്കിയതും അദ്ദേഹമാണ്. പിജി വിശ്വംഭരൻ്റെ പാർവതീ പരിണയം എന്ന സിനിമ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.


