പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി ചോദിച്ചു. വിശദമായ വാദം കേൾക്കാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.
മുൻ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാണ് സർക്കാർ അപ്പീൽ നൽകിയതെങ്കിലും ഹൈക്കോടതി നോട്ടീസ് അയച്ചില്ല. നടന്നത് സംഘടിത ആക്രമണെന്ന് പൊലീസ് റിപ്പോർട്ടുണ്ടെന്നും ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഘടിതമെന്ന് പറയാനാകുമോ എന്ന് കോടതി ചോദിച്ചു. മുൻ പ്രോസിക്യൂട്ടർ പോലീസ് റിപ്പോർട്ടിനു വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ഡിജിപി കോടതിയെ അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ഒത്തുകളിച്ചുവെന്ന ആരോപണമുണ്ടെങ്കിൽ നടപടി സ്വീകരിച്ചോളൂവെന്ന് ഹൈക്കോടതി നിർദേശിച്ചു.
9-ാം പ്രതിയുടെ കസ്റ്റഡി അനിവാര്യം എന്ന് സർക്കാർ വ്യക്തമാക്കി. 27 ദിവസം അയാൾ റിമാൻഡിൽ ആയിരുന്നു എന്നിട്ട് കസ്റ്റഡിയിൽവാങ്ങിയിലെ എന്ന് കോടതി ചോദിച്ചു. റെയ്ഡ് കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോഴായിരുന്നു ആക്രമണമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതുവരെ കേട്ടുകേൾവിയില്ലാത്ത ആക്രമണമെന്നും ഇതിന് മുൻപ് കേരളത്തിൽ നടന്നിട്ടില്ലെന്നും ഇഡി വാദിച്ചു. ഹർജികൾ പരിഗണിക്കുന്നത് അടുത്ത മാസം പതിമൂന്നിലേക്ക് മാറ്റി.
കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. മേയ് 27-നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് 8 മണിക്കൂറോളം പരിശോധന നീണ്ടുനിന്നിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങളാണ് പ്രതിഷേധക്കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്.


